തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി ഗണേഷ്‌കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രത സംശത്തിന് ഇടനല്‍കുന്നതാണ്. ഭരണ പക്ഷത്തെ ഒരു എം.പിയും രണ്ട് എം.എല്‍.എമാരുമാണ് കേസ് വഴി തിരിച്ചു വിടാന്‍ ശ്രമിച്ചത്. ഗൂഢാലോചന പൂര്‍ണ്ണമായി വെളിച്ചത്ത് കൊണ്ടു വരണമെങ്കില്‍ ഇവര്‍ക്ക് അതില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. ഇന്നസെന്റിന് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേസില്‍ ഗൂഢാലോചനയില്ലെന്ന് പ്രഖ്യാപിച്ച് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണം. കേസിന്മേല്‍ പൊലീസ് അന്വേഷണം തുടങ്ങുമ്പോഴായിരുന്നു കേസില്‍ ഗൂഡാലോചനയില്ലെന്നും അന്ന് അറസ്റ്റിലായ പ്രതിയുടെ സങ്കല്പമനുസരിച്ച് മാത്രമുണ്ടായ കുറ്റകൃത്യമാണെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപിച്ചത്. അതോടെ അന്വേഷണത്തിന്റെ ഗതി തന്നെ മാറിപ്പോയി. മുഖ്യമന്ത്രിയുടെ നിലപാടനുസരിച്ച് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം പോലും സമര്‍പ്പിച്ച കേസാണിത്. അറസ്റ്റിലായ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ പുനരന്വേഷണത്തിന് വഴി തെളിഞ്ഞതും മൂടിവച്ചിരുന്ന വിവരങ്ങള്‍ പുറത്ത് വന്നതും. ഇതില്‍ സര്‍ക്കാരിനും പൊലീസിനും അഭിമാനിക്കാന്‍ അധികമൊന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
- 7 years ago
chandrika