കൊച്ചി: ചലച്ചിത്ര താരം ദിലീപ് പ്രസിഡന്റും, ആന്റണി പെരുമ്പാവൂര്‍ വൈസ് പ്രസിഡന്റായും ബോബിയെ ജനറല്‍ സെക്രട്ടറിയായും തിയറ്റര്‍ ഉടമകളുടെ പുതിയ സംഘടന നിലവില്‍ വന്നു. ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്നാണ് സംഘടനയുടെ പേര്. സംഘടനയുടെ നേതൃത്വത്തില്‍ സുഗമമായ സിനിമാപ്രദര്‍ശനം ഒരുക്കാന്‍ 23 അംഗ കോര്‍ കമ്മിറ്റിക്കും രൂപം നല്‍കി. നൂറിലേറെ സംഘടനകളുടെ പിന്തുണ അവകാശപ്പെട്ടു കൊണ്ടാണ് സംഘടനയുടെ രൂപീകരണം.
തിയറ്ററുകള്‍ അടച്ചിടുന്ന സ്ഥിതി ഇനി കേരളത്തിലുണ്ടാകില്ലെന്ന് ദിലീപ് പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ അംഗീകാരവും ആശിര്‍വാദവും പുതിയ സംഘടനക്കുണ്ട്. നല്ല സിനിമക്ക് വേണ്ടിയുള്ള കൂട്ടായ്മയാണിതെന്നും ദിലീപ് പറഞ്ഞു. തിയറ്റര്‍ വിഹിതത്തിന്റെ 50 ശതമാനം ആവശ്യപ്പെട്ട് എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് പുതിയ സംഘടനയുടെ രൂപീകരണത്തിന് വഴി വെച്ചത്. സമരത്തെ തുടര്‍ന്ന് ക്രിസ്മസിന് മലയാള ചിത്രങ്ങള്‍ തിയറ്ററിലെത്തിയിരുന്നില്ല. തുടര്‍ന്ന് സംഘടന പിളര്‍ന്ന് പുതിയ സംഘടന രൂപം കൊള്ളുകയായിരുന്നു.
ഇതിന് ശേഷമാണ് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിന്ന സമരത്തിന് ഉത്തരവാദികളായ ഫെഡറേഷന്‍ നേതാക്കള്‍ക്ക് നിര്‍മാതാക്കളും വിതരണക്കാരും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഘടനാ നിലവില്‍ വന്നത്. സമരം അവസാനിച്ചതിന് പിന്നാലെ തീയറ്ററുകളിലെത്തിയ മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രം ജോമോന്റെ സുവിശേഷങ്ങള്‍ എന്നിവ ഫെഡറേഷന്റെ 25ഓളം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് നല്‍കിയിരുന്നില്ല. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ആവശ്യപ്രകാരം മന്ത്രി എ.കെ. ബാലന്‍ 25ന് യോഗം വിളിച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷനെ പ്രതിനിധീകരിച്ച് ദിലീപ് പങ്കെടുക്കും.