ആലുവ: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇരട്ടകൊലപാതക കേസിലെ പ്രതിയായിരുന്നയാള്‍ എത്തിയതായി ആരോപണം. ഇപ്പോള്‍ ചിട്ടി നടത്തിപ്പുകാരനായ ഇയാള്‍ സന്ദര്‍ശകരെ അനുവദിക്കാത്ത ഞായറാഴ്ചയാണ് ജയിലിലെത്തിയത്.
നടന് ജയിലില്‍ സൗകര്യങ്ങളൊരുക്കാനായി ജയിലധികൃതരെ സ്വാധീനിക്കാനായിരുന്നു സന്ദര്‍ശനമെന്ന ആക്ഷേപത്തെ പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം ആരംഭിച്ചു. ജയിലിലെത്തിയ ഇയാള്‍ മുക്കാല്‍ മണിക്കൂറോളം ജയില്‍ സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. അവധി ദിവസമായിട്ടും ജയില്‍ സൂപ്രണ്ട് ഇന്നലെ ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ നടനെ കാണാനെത്തിയതല്ല തന്നെ കാണാനാണ് ഇയാള്‍ എത്തിയതെന്ന് ജയില്‍ സൂപ്രണ്ട് പി.പി ബാബുരാജ് പറഞ്ഞു.
ജയിലില്‍ കഴിയുന്ന വിഐപി തടവുകാര്‍ക്കും ജയില്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ ഇടനിലക്കാരനായി അറിയപ്പെടുന്ന ഇയാള്‍ ജയില്‍ സന്ദര്‍ശിച്ചത് ദിലീപിനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ തന്റെ പഴയ സുഹൃത്താണ് ചിട്ടിക്കമ്പനി ഉടമയെന്നും വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമാണുണ്ടായന്നുമാണ് ജയില്‍ സൂപ്രണ്ടിന്റെ വിശദീകരണം
ജയില്‍ ജീവനക്കാരില്‍ ചിലരില്‍നിന്നുതന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തെപ്പറ്റി ജയില്‍ വകുപ്പ് അനൗദ്യോഗിക അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസം ജയിലിലെത്തിയ സഹോദരന്‍ അനൂപുമായി ദിലീപ് ജയിലധികൃതരെ ഒഴിവാക്കി രഹസ്യമായി സംസാരിച്ചെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സന്ദര്‍ശകരുമായി തടവുകാര്‍ രഹസ്യസംഭാഷണം നടത്താന്‍ പാടില്ലെന്ന ജയില്‍ നിയമത്തിന്റെ ലംഘനമുണ്ടായെന്നാണ് വിമര്‍ശനം. ജയില്‍ കാന്റീനില്‍ നിന്ന് കൊതുകുതിരി വാങ്ങാനും മറ്റുമായി ദിലീപിന്റെ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ പേരില്‍ ഇരുന്നൂറ് രൂപ ജയിലിലേക്ക് മണിയോര്‍ഡര്‍ അയയ്ക്കുകയും ചെയ്തു.