നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനുശേഷമാണ് മലയാള സിനിമാമേഖലയിലുള്ളവര്‍ ദിലീപിനെ പൂര്‍ണ്ണമായും കയ്യൊഴിയുന്നത്. അതുവരെ താരസംഘടന അമ്മയും പ്രമുഖ നടന്‍മാരും കേസില്‍ ദിലീപിന് പിന്തുണ നല്‍കി സംരക്ഷിക്കുകയായിരുന്നു. അവസാനം പോലീസ് പിടിമുറുകി ദിലീപ് കുടുങ്ങിയപ്പോഴാണ് താരങ്ങള്‍ ദിലീപിനെ തള്ളിപ്പറഞ്ഞത്.
ദിലീപ് എന്ന ജനപ്രിയനടനെക്കുറിച്ച് സിനിമാമേഖലയിലുള്ളവര്‍ക്ക് ഒട്ടേറെ പറയാനുണ്ടാകും. അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ ഭാര്യ ഫസീല ദിലീപിന്റെ നന്‍മയെക്കുറിച്ച് സംസാരിച്ചിട്ടുള്ളത് ശ്രദ്ധേയമായിരുന്നു. കൊച്ചിന്‍ ഹനീഫയുടെ മരണശേഷം ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഹനീഫയുടെ കുടുംബത്തെ സിനിമാമേഖലയിലുള്ളവര്‍ തിരിഞ്ഞുനോക്കിയില്ലെന്നത് പ്രചാരണമുണ്ടായിരുന്നു. ഒറ്റപ്പെട്ടുപോയ ആ സമയത്ത് തനിക്കും മക്കള്‍ക്കും ദിലീപായിരുന്നു ആശ്രയമുണ്ടായിരുന്നതെന്ന് അവര്‍ പറഞ്ഞിട്ടുമുണ്ട്. മകന്‍ സിദ്ധാര്‍ത്ഥ് അപകടത്തില്‍പെട്ട് അത്യാസന്ന നിലയില്‍ കിടക്കുമ്പോള്‍ ചോദിക്കാതെ സഹായവുമായെത്തി തനിക്കൊപ്പം നിലയുറപ്പിച്ചയാളാണ് ദിലീപെന്ന് അടുത്തിടെ കെ.പി.എ.സി ലളിത ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. അങ്ങനെ നടന്റെ നന്‍മയെക്കുറിച്ച് സിനിമാമേഖലയില്‍ പലരും പുകഴ്ത്തുമ്പോഴും നടന്റെ തിന്‍മയും എക്കാലവും ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായതിന് പിന്നിലും ദിലീപാണെന്ന് പണ്ടേ സ്തുതിയുണ്ട്. എന്തൊക്കെയാണെങ്കിലും മിമിക്രി താരമായി സിനിമയിലേക്കെത്തിയ ആലുവക്കാരന്‍ പയ്യന്‍ തിയ്യേറ്റര്‍ ഉടമയായും നിര്‍മ്മാതാവായും സംഘടനകളുടെ ഭാരവാഹിയായും മാറിയ കഥകള്‍ ഒട്ടേറെ ഉദ്ദ്വേഗങ്ങള്‍ നിറഞ്ഞതാണ്.
1968-ഒക്ടോബര്‍ 27ന് ആലുവ സ്വദേശിയായ പത്മനാഭന്‍പിള്ളയുടേയും സരോജത്തിന്റെയും മൂത്തമകനായാണ് ദിലീപ് ജനിച്ചത്. ആലുവയിലെ വിവിബിഎച്ച് കോളേജില്‍ വിദ്യാഭ്യാസം നേടിയ ഗോപാലകൃഷ്ണന് പിന്നീട് സിനിമയില്‍ നിന്നാണ് ദിലീപ് എന്ന പേര് ലഭിക്കുന്നത്. പഠനകാലത്തുതന്നെ മിമിക്രിയിലെ പ്രകടനം പുറത്തെടുത്ത ദിലീപ് കൊച്ചിന്‍ കലാഭവനിലും തുടര്‍ന്ന് നാദിര്‍ഷായുമൊത്തുള്ള സൗഹൃദങ്ങളിലൂടെയും സിനിമയിലെത്തി. കമലിനൊപ്പം അസിസ്റ്റന്റ് ഡയറക്‌റായി സിനിമയില്‍ അരങ്ങേറിയ ദിലീപിന് അഭിനയിക്കാനായിരുന്നു ഏറെയിഷ്ടം. സംവിധാന സഹായിയായി തുുടരുമ്പോഴും സിനിമയില്‍ കിട്ടിയ കൊച്ചുകൊച്ചുവേഷങ്ങളില്‍ ദിലീപ് അഭിനയിച്ചു ശ്രദ്ധനേടി. 1992-ല്‍ കമലിന്റെ എന്നോടിഷ്ടം കൂടുമോ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. ചെറിയ വേഷമാണെങ്കിലും അഭിനയം ശ്രദ്ധിക്കപ്പെട്ടു.
പിന്നീടങ്ങോട്ട് വിജയത്തിന്റെ കാലഘട്ടമായിരുന്നു. ജോഷിയുടെ സൈന്യത്തിലൂടെയും മാനത്തെ കൊട്ടാരത്തിലൂടേയും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു. സംവിധായകന്‍ സുനിലിന്റെ സംവിധാനത്തിലെ മാനത്തെ കൊട്ടാരത്തിലൂടെ ദിലീപെന്ന നടനെ മലയാളികള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. അതിനുശേഷം ദിലീപായി മാറിയ ജനപ്രിയതാരം സല്ലാപത്തിലൂടെ നായകനുമായി. മഞ്ജുവാര്യര്‍ക്കൊപ്പമുള്ള വേഷം ജീവിതത്തിലെ മികച്ച വേഷത്തിനും തുടക്കമിട്ടു. മഞ്ജുവാര്യരെ വിവാഹം കഴിച്ചതിനുശേഷം ദിലീപ് ചെയ്ത എല്ലാ ചിത്രങ്ങളും വന്‍വിജയങ്ങളായിരുന്നു.
ചന്ദ്രനുദിക്കുന്ന ദിക്കിലൂടെ നായികയായി അരങ്ങേറിയ കാവ്യമാധവനൊപ്പം ലാല്‍ജോസ് ദിലീപിനെ അഭിനയിപ്പിച്ചു. ഈ ചിത്രമായിരുന്നു ദിലീപിന്റെ ജീവിതത്തിന് വെല്ലുവിളിയായത്. അഭിനയിച്ച ചിത്രങ്ങളില്‍ നിന്ന് ദിലീപ് സൂപ്പര്‍താര പദവിയിലേക്ക് നടന്നുകയറി. 2014-ല്‍ ദിലീപ് മഞ്ജുവുമൊത്തുള്ള വിവാഹജീവിതം അവസാനിപ്പിച്ചു. പിന്നീട് പരന്ന കഥകളുടെ അവസാനം കാവ്യമാധവനെ വിവാഹം ചെയ്തുകൊണ്ടാണ് അവസാനിപ്പിച്ചത്. മാസങ്ങള്‍ക്കുമുമ്പ് നടന്ന വിവാഹത്തിനുശേഷം ദിലീപിനെതിരെ ആരാധകര്‍ തിരിഞ്ഞിരുന്നു.
അതിനിടെ ഒരു മാസത്തോളം നീണ്ടുനിന്ന തിയ്യേറ്റര്‍ ഉടമകളുടെ സമരം ദിലീപിന്റെ ഇടപെടലോടെ പരാജയപ്പെട്ടു. പുതിയ സംഘടനയുടെ തലപ്പത്തേക്ക് ദിലീപ് എത്തപ്പെട്ടു. വിജയത്തിന്റെ മാധുര്യവുമായി കഴിയുമ്പോഴാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ ഏവരേയും ഞെട്ടിച്ചുകൊണ്ട് യുവനടി കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും ദിലീപ് സംശയത്തിന്റെ നിഴലിലാകുന്നത്. ആദ്യഭാര്യ മഞ്ജു തന്നെ സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പരസ്യമായി പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും കുബുദ്ധിയിലൂടെ കാര്യങ്ങള്‍ നിയന്ത്രിച്ച ദിലീപ് അത്യന്തം നാടകീയസംഭവങ്ങള്‍ക്ക് അന്ത്യം കുറിച്ചാണ് അറസ്റ്റിലാവുന്നത്.