X
    Categories: MoreViews

ഉറങ്ങാതെ കസേരയിലിരുന്ന് ദിലീപ്; ജനപ്രിയനായകന്‍ ഇനി ആലുവ സബ് ജയിലിലെ 523-ാമത് തടവുകാരന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഇനി ആലുവ സബ്ജയിലിലെ 523-ാമത് തടവുകാരന്‍. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ദിലീപിനെ പോലീസ് അറസ്റ്റുചെയ്യുന്നത്.

രാത്രി വൈകിയും ദിലീപിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഉറങ്ങാന്‍ സമയം നല്‍കിയെങ്കിലും കസേരയില്‍ കണ്ണടച്ചിരിക്കുകയായിരുന്നു ദിലീപ്. ജയിലില്‍ പ്രത്യേക സൗകര്യങ്ങളൊന്നും ദിലീപിന് നല്‍കിയിരുന്നില്ല. പായും വിരിപ്പുമാണ് കഴിഞ്ഞ ദിവസം നല്‍കിയിരുന്നത്. ദിലീപിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ പോലീസ് അറസ്റ്റു ചെയ്യുകയാണെന്നും സഹകരിക്കണമെന്നും ദിലീപിനോട് പറഞ്ഞു. മാധ്യമങ്ങള്‍ക്കുമുന്നില്‍ ചിരിച്ചുനിന്ന താരം അകത്തുകയറിയപ്പോള്‍ പൊട്ടിക്കരഞ്ഞു. അടുത്ത സുഹൃത്തിനെ വിളിക്കാനും നിയമസഹായം തേടാനും ദിലീപിന് പോലീസ് അവസരം നല്‍കി. ബന്ധുക്കളെ കാണണമെന്ന അഭ്യര്‍ത്ഥന പോലീസ് അനുവദിച്ചില്ല. രാത്രി ഭക്ഷണം നല്‍കിയെങ്കിലും കഴിക്കാന്‍ കൂട്ടാക്കിയില്ല. ഏറെ നിര്‍ബന്ധിച്ചതിനുശേഷമാണ് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചത്. പിന്നീട് പുലര്‍ച്ചെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടുപോയി.

അഞ്ച് പേരുള്ള സെല്ലില്‍ ആറാമനായി ദിലീപിനെയും ഉള്‍പ്പെടുത്തി. സെല്ലില്‍ ഒപ്പമുള്ളത് പിടിച്ചുപറിക്കേസിലും മോഷണകേസിലും അറസ്റ്റിലായവര്‍. ദിലീപിന് പ്രത്യേക ഭക്ഷണവുമില്ല. സാധാരണ റിമാന്‍ഡ് പ്രതിക്കുള്ള ജയില്‍ ഭക്ഷണം നല്‍കും.റിമാന്‍ഡ് പ്രതിയായതിനാല്‍ സാധാരണ വേഷമാണ് ദിലീപ് ധരിക്കുക. മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് പറഞ്ഞു. എന്നാല്‍ 14ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തുവെന്ന് കേട്ട ദിലീപ് പൊട്ടിക്കരഞ്ഞു. സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് പോയത്. താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കിയതാണെന്നും ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു.

chandrika: