ഡല്‍ഹി: ബിഹാറില്‍ എന്‍ഡിഎ ഭരണത്തുടര്‍ച്ച നേടിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിതീഷ് എത്തുമോ എന്ന ചര്‍ച്ചയാണ് നിലവില്‍ നടക്കുന്നത്. എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്. ജെഡിയു 43 ലേക്ക് ഒതുങ്ങി. അതോടൊപ്പം എന്‍ഡിഎയുടെ വിജയത്തിന് പിന്നാലെ നിതീഷ്‌കുമാറിന്റെ ധാര്‍മികതയ്ക്ക് അനുസരിച്ച് മുഖ്യമന്ത്രിയാകാം എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകത്തിന്റെ നിലപാട്. ഇത് എന്‍ഡിഎയില്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും നല്‍കുന്നുണ്ട്.
അതേസമയം, ജെഡിയു നേതാവ് നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് ക്ഷണിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്തെത്തി. നിതീഷ് കുമാറും ലാലുപ്രസാദ് യാദവും ഒരുമിച്ച് സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍ വാസം അനുഭവിച്ചിട്ടുള്ളവരാണെന്നും സംഘ്പരിവാര്‍ ആശയങ്ങളെ ഉപേക്ഷിച്ച് മഹാസഖ്യത്തിനൊപ്പം ചേര്‍ന്ന് തേജസ്വി യാദവിനെ അനുഗ്രഹിക്കണമെന്നും ദിഗ്‌വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ബിജെപിയും സംഘപരിവാറും ഇത്തിള്‍ക്കണ്ണിയെ പോലെയാണെന്നും അഭയം നല്‍കുന്ന മരത്തെ നശിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹാറില്‍ നിന്നും നിതീഷ് കുമാര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഭിന്നിച്ച് ഭരിക്കുക എന്ന പോളിസിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ചിന്തിക്കണമെന്നും ദിഗ്‌വിജയ് പറയുന്നു. ഇത് മഹാതമാ ഗാന്ധിയോടും ജയപ്രകാശ് നാരയണനോടുമുള്ള ഏറ്റവും വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.