രാജ്യത്തെ വഖഫ് സ്വത്ത് വിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തില്‍ കാലതാമസം. ആകെയുള്ള 8,72,352 വഖഫ് സ്വത്തില്‍ ഇതുവരെ ഡിജിറ്റലായി രേഖപ്പെടുത്തിയത് 3.3 ലക്ഷം വഖഫ് സ്വത്തുക്കള്‍ മാത്രമാണെന്ന് രാജ്യസഭയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.വി അബ്ദുല്‍ വഹാബ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.
വഖഫ് സ്വത്തുക്കള്‍ മുമ്പെങ്ങുമില്ലാത്ത വിധം വേട്ടയാടപ്പെടുന്ന ഈ കാലത്ത് അടിയന്തര സ്വഭാവത്തില്‍ പരിഗണിക്കേണ്ട ഈ കാര്യം വൈകുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് പി.വി. അബ്ദുല്‍ വഹാബ് സഭയില്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിന്റെ അലംഭാവമാണ് കാലതാമസത്തിന് കാരണം. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ക്ക് കേന്ദ്ര വഖഫ് കൗണ്‍സില്‍ ഇത് സംബന്ധിച്ച് മതിയായ സഹായങ്ങള്‍ നല്‍കുന്നില്ല എന്നും എം.പി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 53,297 വഖഫ് സ്വത്തുക്കളാണുള്ളത്. ഇതില്‍ 11,203 എണ്ണമാണ് ഡിജിറ്റിലായി രേഖപ്പെടുത്തിയിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വര്‍ഷ കാലയളവില്‍ നഷ്ടപ്പെട്ട വഖഫ് സ്വത്തുക്കളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ന്യൂനപക്ഷ മന്ത്രാലയം തങ്ങളുടെ കയ്യില്‍ വിവരങ്ങള്‍ ഇല്ല എന്നാണ് അറിയിച്ചത്.