ന്യൂഡല്‍ഹി: രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇപ്പോഴും അന്യമാണെന്ന് പഠനം. ക്യാഷ്‌ലെസ് ഇക്കണോമിക്കായി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറും പ്രധാനമന്ത്രി നരേന്ദ്രമോദിയും നിരന്തരം രംഗത്തെത്തുമ്പോഴാണ്, അടിസ്ഥാന സൗകര്യ മേഖലയിലെ അപര്യാപ്തത തുറന്നു കാട്ടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. വ്യവസായികളുടെ സംഘടനയായ അസോച്ചം വ്യവസായ മേഖലയിലെ ഓഡിറ്റിങ്, കണ്‍സള്‍ട്ടി സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഡിലോയിറ്റിയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കണക്കുകള്‍ പ്രകാരം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന ചൈന തന്നെയാണ് ഈ രംഗത്ത് ഒന്നാമത്. ഇന്റര്‍നെറ്റ് സേവനങ്ങളുടെ ലഭ്യത കണക്കിലെടുക്കുമ്പോള്‍ ചൈനയേക്കാള്‍ പിറകിലാണ് ഇന്ത്യ. 35 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്. ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ പരിമിതി, സ്മാര്‍ട് ഫോണുകള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഡിവൈസുകളുടെ ഉയര്‍ന്ന വില, പ്രതിമാസ ഡാറ്റാ പാക്കേജുകളുടെ കൂടിയ നിരക്ക് എന്നിവയെല്ലാമാണ് ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതില്‍ ഇന്ത്യക്കു മുന്നിലെ പ്രധാന തടസ്സങ്ങള്‍- സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള തന്ത്രപരമായ നടപടികള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ 95 കോടി ജനങ്ങള്‍ക്കും ഇന്റര്‍നെറ്റ് അന്യം
Related Post