അബുദാബി: അബുദാബിയിലെ ടാക്‌സികളില്‍ ഡിജിറ്റല്‍ പരസ്യം ചെയ്യുന്നതിനുള്ള അവസരമൊരുക്കിയതായി ഗതാഗതവിഭാഗം അറിയിച്ചു.
അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിന്റെ (ഡിഎംടി) ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ (ഐടിസി), ഓപ്പറേറ്റിംഗ് കമ്പനികളുമായി സഹകരിച്ചാണ് ടാക്‌സികളില്‍ സ്മാര്‍ട്ട് ബില്‍ബോര്‍ഡ് പ്രോജക്റ്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
അബുദാബി എമിറേറ്റിലെ പ്രാദേശിക കമ്പനികളില്‍നിന്നും ബിസിനസ്സുകളില്‍ നിന്നുമുള്ള പരസ്യദാതാക്കളുമായി സഹകരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളുമാണ് ടാക്‌സികളുടെ മേല്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കുക.
പരീക്ഷണമെന്നോണം ‘തവാസുല്‍ ട്രാന്‍സ്പോര്‍ട്ട്’ കമ്പനിയിലെ 50 ടാക്‌സികളിലാണ് ആദ്യമായി പരസ്‌ബോര്‍ഡ് ഘടിപ്പിച്ചിട്ടുള്ളത്.
പരീക്ഷണ കാലയളവിനുശേഷം ഇതേകമ്പനിയിലെ 100 ടാക്സികളില്‍കൂടി ഘടിപ്പിക്കും. ക്രമേണ കൂടുതല്‍ ടാക്‌സികളിലേക്ക് വ്യപിപ്പിക്കും. അബുദാബി എമിറേറ്റ്‌സ് മൊത്തം 6,400 ടാക്സികളാണ് നിലവിലുള്ളതെന്ന് സംയോജിത ഗതാഗതവിഭാഗം വ്യക്തമാക്കി.
ടാക്‌സികളില്‍ അത്യാധുനിക ഡിജിറ്റല്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലൂടെ നഗരത്തിലെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വൈവിധ്യവും ആകര്‍ഷകവുമായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവഴി വാണിജ്യ-വ്യവസായ-സേവന മേഖലകളിലെ ചലനങ്ങള്‍ കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക എത്തിക്കാനാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എല്‍ഇഡി സ്‌ക്രീനുകളില്‍ ഇന്റര്‍നെറ്റ്, ജിപിഎസ് എന്നിവയുടെ സഹായത്തോടെയാണ് പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയെന്ന് പ്രമുഖ കമ്പനിയായ വ്യോല സിഇഒ അമ്മാര്‍ ഷറഫ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ദിനംപ്രതി 23,000 യാത്രക്കാര്‍ 350,000 കിലോമീറ്റര്‍ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്.