കെ.സി.വേണുഗോപാല്‍
(കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി)
ഇന്നലെ രാത്രി താമസിച്ചിരുന്ന ക്യാമ്പുകള്‍ ഇന്ന് വെള്ളവും ചെളിയും കൊണ്ടു നിറയപ്പെട്ടിരിക്കുന്നു. മുന്നോട്ടുപോകാനുള്ള പാതകള്‍ക്ക് മുകളിലേക്ക് രണ്ട് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ വന്നുപതിക്കുന്ന കാഴ്ച. ചെങ്കുത്തായ മലനിരകള്‍ക്കിടയില്‍ക്കൂടി മുന്‍പില്‍ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴി കാണാന്‍ കഴിയാത്തത്ര കട്ടിയില്‍ കാഴ്ചകളെ മഞ്ഞ് തടയുന്നു. പലയിടങ്ങളിലും റോഡുകള്‍ പാതിയോളം തകര്‍ന്നുകിടക്കുന്നു. ചിലയിടങ്ങളില്‍ റോഡുകള്‍ ഇല്ലാതായ അവസ്ഥ. അതിനിടയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയും വിറച്ചുനില്‍ക്കുന്ന അതിശൈത്യവും പിടിമുറുക്കുന്നു.
ഇങ്ങനെ തീര്‍ത്തും പ്രതികൂല സാഹചര്യങ്ങളിലാണ് യാത്രയുടെ അവസാന ദിവസങ്ങള്‍. ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് കയറിയ രണ്ടാം പാദത്തിലെ കാഴ്ചകളാണ്.
അപകടകരമായ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഇന്ന് ഉച്ചയ്ക്ക് ശേഷമുണ്ടായിരുന്ന യാത്രയുടെ സെഷന്‍ തത്കാലികമായി വെച്ചിരുന്നു. മറ്റന്നാള്‍, 27ന് യാത്ര പുനരാരംഭിക്കും. കാലാവസ്ഥ പ്രതികൂലമായ കാരണത്താല്‍ ആദ്യമായാണ് യാത്രയുടെ ഒരു സെഷന്‍ മാറ്റിവെയ്ക്കുന്നത്. എന്നാല്‍, നടന്നുപോകാന്‍ നേരിയ സാധ്യതയുള്ള ഇടങ്ങളില്‍ ആ സാധ്യത ഉപയോഗപ്പെടുത്തണമെന്നും ജനങ്ങളെ കാണണമെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ ഉറച്ച നിലപാടാണ് എവിടെയുമെന്ന പോലെ ഈ ഘട്ടത്തിലും മുന്നോട്ടുപോകാന്‍ യാത്രയ്ക്ക് ഊര്‍ജം നല്‍കുന്നത്.
ഒരു വശത്ത് സുരക്ഷാ കാരണങ്ങളും മറുവശം പ്രകൃതിയുടെ പരീക്ഷണങ്ങളും പ്രതിബന്ധങ്ങള്‍ തീര്‍ക്കുമ്പോഴും ചില കാഴ്ചകള്‍ മനം നിറയെ നോക്കിനില്‍ക്കേണ്ടി വന്നു. എല്ലാ വെല്ലുവിളികളും ഞങ്ങള്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഈ അവസാന പാദം ആവേശത്തിലാഴ്ത്തുന്നത് കുറേ മനുഷ്യരാണ്. തകര്‍ത്തുപെയ്യുന്ന മഴയും അസഹനീയമായ ശൈത്യവും കീഴടക്കാത്ത മനസ്സുകളുമായി ഇന്നാട്ടിലെ ജനത ചെളിയൂറി കിടക്കുന്ന വഴികള്‍ക്കിരുവശവും യാത്രയ്ക്ക് അഭിവാദ്യങ്ങള്‍ നേരാനായി കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ച യാത്രികരായ ഞങ്ങളെ ഈ തടസ്സങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകാന്‍ കരുത്ത് നല്‍കുന്നു.
കൊടുംചൂടും മഴയും തണുപ്പും അതിശൈത്യവും ശരീരത്തിനെ തളര്‍ത്തിത്തുടങ്ങിയെന്ന് തോന്നുന്ന നിമിഷങ്ങളില്‍ കരുത്തുപകരുന്ന ജനത ഒരൊറ്റ ഇന്ത്യയായി യാത്രയ്‌ക്കൊപ്പം ചേരുന്ന കാഴ്ച നല്‍കുന്ന കരുത്ത് ഏത് പ്രതിസന്ധികളെയും അതിജീവിക്കാന്‍ ശേഷിയുള്ളതാണ്. യാത്ര മുന്നോട്ടുതന്നെ പോവുകയാണ്, കശ്മീരിന്റെ സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി.