മലപ്പുറം: ജില്ലയില്‍ പൂര്‍ണമായും പെരുമാറ്റചട്ടം കൊണ്ടുവന്നത് പ്രതിഷേധത്തിനിടയാക്കുന്നു. ഉപതരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത് മൂന്നു നിയോജക മണ്ഡലങ്ങള്‍ മാത്രമാണെങ്കിലും ജില്ലയില്‍ പൂര്‍ണ്ണമായും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കൊണ്ടുവന്നത് വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കും. വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് നിയോജക മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ 16 മണ്ഡലങ്ങളിലും പെരുമാറ്റചട്ടം നിലവില്‍ വന്നതോടെ നയപരമായ തീരുമാനങ്ങളെടുക്കാനുള്ള പരിമിതി ഭരണ കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കും.
മാതൃക പെരുമാറ്റച്ചട്ടത്തിന്റെ മറവിലുണ്ടാവുന്ന പൂര്‍ണ നിഷ്‌ക്രിയാവസ്ഥ ജില്ലയുടെ സര്‍വ മേഖലയെയും ബാധിക്കുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നവം ബര്‍ 13ന് പൂര്‍ത്തിയാവുമെങ്കിലും ഫലം പുറത്തു വരാന്‍ വീണ്ടും 10 ദിവസത്തോളം കാത്തിരിക്കണം. അതുകൊണ്ടു തന്നെ ഒരു മാസത്തോളം നയപരമായ കാര്യങ്ങ ളില്‍ പ്രത്യേകിച്ച് തീരുമാനങ്ങള്‍ ഒന്നും ഉണ്ടാവില്ല. പഞ്ചായത്തുകളടക്കമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതികളുടെ രൂപരേഖയുടെ ചര്‍ച്ചകളുമെല്ലാം തിരഞ്ഞെടുപ്പ് കഴിയാതെ തുടങ്ങാനിടയില്ല.
തൃശൂര്‍ ചേലക്കരയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ മാത്രമാണ് പെരുമാറ്റചട്ടം നിലവില്‍ വന്നിട്ടുള്ളത്. ഇത്തരത്തില്‍ മലപ്പുറത്തും നടപ്പിലാക്കണമെന്നാണ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ആവശ്യം. ഏകദേശം ഒരു മാസത്തോളം നിഷ്‌ക്രിയാവസ്ഥയാക്കുന്ന തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.