തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധിമൂലം ബുദ്ധിമുട്ടുന്ന കെ.എസ്.ആര്‍.ടി.സിക്ക് അടിക്കടിയുള്ള ഡീസല്‍വില വര്‍ധന കനത്തഭാരമാകുന്നു. ഡീസല്‍ വിലവര്‍ധനയെ തുടര്‍ന്ന് ഒരു മാസം 30-35 ലക്ഷം രൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടാകുന്ന അധികച്ചെലവ്. ഒരു ദിവസം 4.80 ലക്ഷം ലിറ്റര്‍ ഡീസലാണ് കോര്‍പറേഷന്‍ ബസുകള്‍ കുടിച്ചുതീര്‍ക്കുന്നത്. രാജ്യമൊട്ടാകെയുള്ള പൊതുഗതാഗതസംവിധാനങ്ങളിലെ ഉയര്‍ന്ന വിനിയോഗമാണിത്.
ലിറ്ററിന് 58 രൂപ വിലയുള്ളപ്പോള്‍ ഡീസലിനു ദിവസം 2.78 കോടി രൂപയായിരുന്നു ചെലവ്. ഇപ്പോള്‍ ദിവസം മൂന്നരക്കോടിയോളം രൂപ മാറ്റി വെക്കണം. ഡീസല്‍ വാങ്ങിയ ഇനത്തിലെ കോടികളുടെ കുടിശിക തീര്‍ക്കാനും കോര്‍പറേഷന്‍ പാടുപെടുകയാണ്.
കെ.എസ്.ആര്‍.ടി.സിയുടെ മുഖ്യ ഇന്ധനദാതാവായ ഐ.ഒ.സിക്ക് മാത്രം 160 കോടി നല്‍കണം. ഇതിന് പുറമെ കോടതി വിധിയെ തുടര്‍ന്ന് ഡീസല്‍സബ്‌സിഡിയായി ലഭിച്ച 62.60 കോടി രൂപയും ഐ.ഒ.സിക്ക് നല്‍കേണ്ടതുണ്ട്. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന് പത്തുകോടിയോളം രൂപയും നല്‍കേണ്ടതുണ്ട്. ആകെ 192.72 കോടിയാണ് ഈയിനത്തില്‍ നല്‍കേണ്ടി വരുന്നത്. 2013 ജനുവരി 17നാണ് വന്‍കിട ഉപഭോക്താക്കള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയതാണ് കോര്‍പറേഷന് അധികബാധ്യത ഉണ്ടാക്കിയത്.
കെ.എസ്.ആര്‍.ടി.സിക്ക് സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കണമെന്ന 2013 മാര്‍ച്ച് 21 ലെ ഹൈക്കോടതി ഉത്തരവ് ഇതേതുടര്‍ന്ന് അതേവര്‍ഷം സെപ്തംബര്‍ 16ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ സബ്‌സിഡി നിരക്കില്‍ ഡീസല്‍ നല്‍കിയ ഇനത്തിലാണ് കെ.എസ്.ആര്‍.ടി.സി ഈ പണം നല്‍കേണ്ടത്. വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ നികുതിയിളവ് നല്‍കണമെന്ന ആവശ്യം വീണ്ടും മുന്നോട്ടുവെക്കാന്‍ ഒരുങ്ങുകയാണ് കോര്‍പറേഷന്‍. കെ.എസ്.ആര്‍.ടി.സിക്ക് ലഭ്യമാക്കുന്ന ഡീസലിന് ഇന്ധനവിലയില്‍ സംസ്ഥാനസര്‍ക്കാര്‍ ഇളവ് നല്‍കണമെന്ന് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ല. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സി.എന്‍.ജിയുടെ സാധ്യത വിനിയോഗിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
വില കുറഞ്ഞ സി.എന്‍.ജി ഇന്ധനം ലഭ്യമാക്കാമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നേരത്തെ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സിക്ക് കഴിയില്ല. സാധാരണ വാഹനങ്ങളില്‍ 3,000 മുതല്‍ 4,000 രൂപ വരെ മുടക്കി കണ്‍വെര്‍ഷന്‍ കിറ്റ് ഘടിപ്പിച്ചാല്‍ സി.എന്‍.ജിയിലേക്ക് മാറ്റാം. ഇതിന് ഉന്നതതല തീരുമാനം വേണ്ടതുണ്ട്. പെട്രോളിനെ അപേക്ഷിച്ച് ഇന്ധനക്ഷമത കൂടുതലുണ്ട് സി.എന്‍.ജിക്ക്. ആറ് കിലോമീറ്റര്‍ വരെ കൂടുതല്‍ ഓടാം. ലിറ്ററിന് 45നും 55നും ഇടയിലാണ് സി.എന്‍.ജിയുടെ കേരളത്തിലെ വില. പരീക്ഷണ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ സി.എന്‍.ജി ബസ് ഓട്ടം തുടങ്ങിയത് പ്രതീക്ഷക്ക് നേരിയ വക നല്‍കുന്നു.