പി.വി.നജീബ്
കോഴിക്കോട്: ഡീസല്‍ വില ചരിത്രത്തില്‍ ആദ്യമായി എഴുപത് കടന്നതോടെ ജനജീവിതവും കൂടുതല്‍ ദുരിതമാകുന്നു. കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഡീസല്‍ വിലയും കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെയും താളം തെറ്റിക്കുകയാണ്. വില നിയന്ത്രണം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിന് ശേഷം റെക്കോര്‍ഡ് വിലയാണ് ഇന്നലെ സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത് തിരുവനന്തപുരത്താണ്. 19 പൈസ വര്‍ധിച്ച് 70.08 രൂപയാണ് ഡീസല്‍ വില. എണ്ണക്കമ്പനികള്‍ പ്രതിദിനം വില നിശ്ചയിക്കുന്ന രീതി തുടങ്ങിയതോടെയാണ് എണ്ണ വിലയില്‍ ക്രമാതീതമായ വര്‍ധനയുണ്ടായത്. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനും കാരണമാകുന്ന എണ്ണ വില വര്‍ധന പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിനും താല്‍പര്യമില്ല. ബഹുരാഷ്ട്ര കുത്തക കമ്പനികളെ സഹായിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വില നിയന്ത്രണത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
ഇന്ധന വില്‍പനയിലൂടെ ലഭിക്കുന്ന നികുതിയിലൂടെ കോടികളുടെ അധിക വരുമാനമാണ് സംസ്ഥാനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. വില ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രതിഷേധങ്ങളും എങ്ങുമെത്താതെ പോകുന്നു. മികച്ച വരുമാനം തരുന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന നികുതിയില്‍ ഇളവ് നല്‍കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വില വര്‍ധന സാധാരണക്കാരുടെ നടുവൊടിക്കുമ്പോഴും സംസ്ഥാനത്തിന് മികച്ച വരുമാനം നല്‍കുന്നുവെന്നാണ് ധനമന്ത്രിയുടെ കണ്ടെത്തല്‍. ഇന്ധന വിലയില്‍ ദിവസേന മാറ്റം വരുന്നതിലൂടെ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാരിന് 57 കോടിയോളം രൂപയാണ് അധികമായി ലഭിച്ചത്.
വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവാണ്. ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്. എരി തീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപമുണ്ട്. ഇന്ധന വില റെക്കോര്‍ഡുകള്‍ ഭേദിക്കുമ്പോള്‍ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. കഴിഞ്ഞ ഡിസംബര്‍ അവസാന വാരം മുതല്‍ ദിവസേന ശരാശരി 19 പൈസ വീതം ഡീസല്‍ വില വര്‍ധിച്ചുവെന്നാണ് കണക്ക്. ഇന്ധന വില കുതിച്ചുയരുന്നതിന് പിന്നില്‍ ബി.ജെ.പിയുടെയും ബഹുരാഷ്ട്ര കുത്തകകളും തമ്മിലുള്ള രഹസ്യ അജണ്ടയാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
കൊച്ചിയില്‍ ലിറ്ററിന് 68.94 ആണ് ഇന്നത്തെ ഡീസല്‍ വില. കോഴിക്കോട് ഇന്നലെ 23 പൈസ കൂടി 69.23 രൂപയായി. ഡീസല്‍ വില ക്രമാതീതമായി വര്‍ധിച്ചതോടെ പെട്രോള്‍-ഡീസല്‍ വിലയിലെ അന്തരം 7 രൂപയില്‍ താഴെയായി കുറഞ്ഞിട്ടുണ്ട്.
മാര്‍ച്ച് മാസത്തിലുടനീളം ദിവസവും 20-25 പൈസ വച്ച് ഇന്ധനവില വര്‍ധിച്ചിട്ടുണ്ടെന്ന് പമ്പുടമകള്‍ പറയുന്നത്. പെട്രോളിന് തലസ്ഥാനത്ത് 18 പൈസ കൂടി ഇന്ന് 77.67 ആയിട്ടുണ്ട്. കോഴിക്കോട് 24 പൈസ കൂടി 76.33 ആയി. കൊച്ചിയില്‍ 74.8 രൂപയുമാണ് പെട്രോളിന്റെ പുതുക്കിയ വില. പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രമാണ്.
ഡീസല്‍ വില കൂടുന്നതോടെ ഗതാഗത മേഖലയെയും തളര്‍ത്തുകയാണ്. ബസ്-ലോറി വ്യവാസയങ്ങള്‍ ഓടിത്തളരുകയാണെന്നും ദിനം പ്രതി ചിലവ് കൂടി വരുന്ന സാഹചര്യത്തില്‍ മേഖലയില്‍ നിന്നും ആളുകള്‍ പിന്‍മാറുകയുമാണ്. കടുത്ത പ്രതിസന്ധി നേരിടുന്ന മേഖലയെ സര്‍ക്കാരുകള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
അടിക്കടി എണ്ണ വില വര്‍ധിക്കുന്നത് ചരക്ക് നീക്കത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. നിത്യോപയോഗ സാധനങ്ങള്‍ വിപണിയില്‍ എത്തിക്കുന്നത് കൂടുതലും ഡീസല്‍ വാഹനങ്ങളിലാണ്. ഡീസല്‍ വിലയുടെ നിരന്തര വര്‍ധനവിനെ തുടര്‍ന്നുണ്ടാകുന്ന അമിത ചിലവ് കണക്കിലെടുത്ത് ചരക്ക് കൂലിയും വര്‍ധിപ്പിക്കണമെന്ന ആവശ്യത്തിലാണ് വാഹനമുടമകളും.