കമാല്‍ വരദൂര്‍
ഫുട്‌ബോള്‍ ലോകം കണ്ണീരണിഞ്ഞ ആ വിയോഗത്തിന് രണ്ട് നാള്‍ കഴിഞ്ഞാല്‍ രണ്ട് വര്‍ഷം. 2020 നവംബര്‍ 25 ന് 60-ാം വയസില്‍ ലോകത്തോട് വിട പറഞ്ഞ ഡിയാഗോ അര്‍മാന്‍ഡോ മറഡോണയെ ഇന്നലെ അര്‍ജന്റീനയും ഖത്തറും ഫിഫയും മറന്നില്ല. ഇരുപത്തിരണ്ടാമത് ലോകകപ്പില്‍ അര്‍ജന്റീന ആദ്യമായി പന്ത് തട്ടിയപ്പോള്‍ ലുസൈല്‍ സ്‌റ്റേഡിയത്തിലെ ഗ്യാലറിയില്‍ ആ അസാന്നിധ്യം പ്രകടമായിരുന്നു. എല്ലാ ലോകകപ്പുകളിലും ടീമിനൊപ്പമെത്തി, കോച്ചായും ഉപദേഷ്ടാവായും കാണിയായും അര്‍ജന്റീനക്കായി മുദ്രാവാക്യം മുഴക്കിയിരുന്ന ഡിയാഗോ ഇല്ലാത്ത ആദ്യ ലോകകപ്പാണിത്. പക്ഷേ സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനക്കാര്‍ നിറഞ്ഞ ഭാഗത്തെ വലിയ ബാനറില്‍ ഡിയാഗോയുണ്ടായിരുന്നു.
പഴയ ആ ചിത്രം. ആ കാരിക്കേച്ചര്‍അദ്ദേഹത്തിന്റെ കയ്യൊപ്പും അര്‍ജന്റീനയുടെ ദേശീയ പതാകയും. ഇന്നലെ ലുസൈലിലേക്കുള്ള മെട്രോ യാത്രയില്‍ നിരവധി അര്‍ജന്റീനക്കാരുമായി സംസാരിച്ചു. മെസിയുടെ ജന്മദേശമായ റൊസാരിയോയില്‍ നിന്നുള്ള 63 കാരന്‍ ഫെര്‍ണാണ്ടോ ദോഹയിലെത്തിയത് ലോകകപ്പ് നേട്ടം കാണാനും ആ നേട്ടം തന്റെ പ്രിയ താരത്തിന് സമര്‍പ്പിക്കാനുമാണ്. ഡിയാഗോക്ക് ഇനിയും അദ്ദേഹം അര്‍ഹിക്കുന്ന ആദരം രാജ്യം നല്‍കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു ഈ ഫുട്‌ബോള്‍ പ്രേമി. അകാല വിയോഗത്തിന്റെ കാര്യകാരണങ്ങളില്‍ ഇപ്പോഴും അന്വേഷണം നടക്കുമ്പോഴും മെസിക്കും സംഘത്തിനും ഡിയാഗോക്ക് നല്‍കാനുള്ള വലിയ അന്ത്യാജ്ഞലി ലോകകപ്പായിരിക്കുമെന്ന് പറയുന്നു ഷൂ നിര്‍മാണ കമ്പനി നടത്തുന്ന ഫെര്‍ണാണ്ടോ. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നതും ഡിയാഗോയെക്കുറിച്ചായിരുന്നു. രണ്ട് തവണയാണ് അര്‍ജന്റീന ലോകകപ്പില്‍ മുത്തമിട്ടത്. ഇതില്‍ അവസാനം 1986ല്‍ മെക്‌സിക്കോയിലായിരുന്നു.
അന്നത്തെ ഹീറോയായിരുന്നു ഡിയാഗോ. പുതിയ ലോകത്തിന് അര്‍ജന്റീനയെ പരിചയപ്പെടുത്തിയ താരം. അദ്ദേഹത്തെ കണ്ടാണ് പിന്നെ ഫുട്‌ബോള്‍ ലോകം വളര്‍ന്നത്. മെസിയുടെ തലമുറയുടെ റോള്‍ മോഡല്‍. പക്ഷേ കളി കഴിഞ്ഞ് ഫെര്‍ണാണ്ടോയും സംഘവും മടങ്ങിയത് നിരാശയിലായിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ തോല്‍വി. മറഡോണയുണ്ടായിരുന്നെങ്കിലോ…? അദ്ദേഹം ക്ഷുഭിതനാവുമായിരുന്നു. മെസിയും മറഡോണയും തമ്മിലുള്ള മാറ്റമായി അര്‍ജന്റീനക്കാര്‍ പറയാറുള്ളത് മറഡോണ രാജ്യത്തിന് ലോകകപ്പ് സമ്മാനിച്ചു. മെസിക്ക് അതിന് കഴിഞ്ഞില്ല എന്നതാണ്. ഇക്കുറിയും മെസി കപ്പില്‍ നിന്ന് അകന്നാല്‍ അര്‍ജന്റീനക്കാര്‍ക്കത് സഹിക്കാനാവില്ലെന്നുറപ്പ്.