ഐവറി കോസ്റ്റ് സ്‌ട്രൈക്കറും മുന്‍ ചെല്‍സി താരവുമായ ദിദിയര്‍ ദ്രോഗ്ബ കളിയില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ 18 മാസമായി അമേരിക്കന്‍ ക്ലബ്ബായ ഫിനിക്‌സ് റൈസിങിന്റെ താരമാണ് ദ്രോഗ്ബ.
ദ്രോഗ്ബയുടെ കൂടി ഉടമസ്ഥതയിള്ള ക്ലബ്ബാണ് ഫിനിക്‌സ് റൈസിങ്. ബൂട്ടഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ദ്രോഗ്ബ പറഞ്ഞു. 20 വര്‍ഷം നീണ്ട കരിയറിനാണ് ഇതോടെ അവസാനമായത്. ഈ സീസണ്‍ അവസാനിക്കുന്നതോടെ കളിയില്‍ നിന്ന് വിരമിക്കുകയാണെന്ന് ദ്രോഗ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു.
യൂണൈറ്റഡ് സോക്കര്‍ ലീഗ് കപ്പ് ഫൈനലില്‍ ലൂയിസ് വില്ലെ സിറ്റിയോടായിരുന്നു താരത്തിന്റെ അവസാന മത്സരം. അവസാന മത്സരങ്ങളില്‍ മികച്ച ഫോമിലായിരുന്നു ദ്രോഗ്ബ.
ചെല്‍സിക്കായി 381 മത്സരങ്ങളില്‍ നിന്ന് 164 ഗോളുകള്‍ നേടിയിട്ടുണ്ട് ദിദിയര്‍ ദ്രോഗ്ബ. ഐവറികോസ്റ്റിനു വേണ്ടി 105 മത്സരങ്ങളില്‍ നിന്നു 63 ഗോളുകളും സ്വന്തമാക്കി. ചെല്‍സിക്ക് നാലു പ്രീമിയര്‍ ലീഗ് കിരീടവും 2012ലെ ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടികൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട് ദ്രോഗ്ബ.
23-ാം വയസ്സിലാണ് അദ്ദേഹം ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ടത്. 2006-2007, 2009-2010 വര്‍ഷങ്ങളില്‍ പ്രീമിയര്‍ ലീഗ് ഗോള്‍ഡന്‍ ബൂട്ടിനും അര്‍ഹനായി.