ബിസിനസ് കാര്യങ്ങള്‍ മര്യാദയ്ക്ക് നോക്കി നടത്തിയില്ല എന്ന് ആരോപിച്ച് പിതാവ് മകനെ തീകൊളുത്തി കൊന്നു. ഏപ്രില്‍ ഒന്നിന് ബാംഗ്ലൂരു ചാമരാജ്‌പേട്ടിലെ വാല്മീകി നഗറിലാണ് സംഭവം.
പിതാവിന്റെ പെയിന്റ് കട മൂന്നുവര്‍ഷം മുന്‍പാണ് മകനായ അര്‍പ്പിതിന് നോക്കിനടത്താന്‍ ഏല്‍പ്പിച്ചത്. എന്നാല്‍ കട ശരിയായി നോക്കി നടത്താന്‍ മകന് സാധിച്ചില്ല. ഒന്നരക്കോടിയിലധികം രൂപ കടം ഉള്ളതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതില്‍ ക്ഷുഭിതനായ പിതാവ് സുരേന്ദ്ര കുമാര്‍ മകനോട് ബിസിനസിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ ഇത് നിരസിച്ചു. തുടര്‍ന്ന് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടാവുകയും അത് കയ്യാങ്കളി വരെ എത്തുകയും ചെയ്തു. കയ്യാങ്കളിക്കിടെ മകനെ നേരെ പിതാവ് പെയിന്റ് തിന്നര്‍ ഒഴിക്കുകയായിരുന്നു.പെയിന്റ് തിന്നര്‍ ഉപയോഗിച്ചാണ് പിതാവ് മകനെ തീകൊളുത്തിയത്. പെയിന്റ് തിന്നറില്‍ മുങ്ങിയ മകന്‍ തീ വയ്ക്കല്ലേ എന്ന് പിതാവിനോട് അഭ്യര്‍ത്ഥിച്ച് ഓടുന്നത് സിസിടിവിയില്‍ നിന്ന് വ്യക്തമാണ് എന്ന് പോലീസ് പറയുന്നു.
പെയിന്റ് തിന്നറില്‍ മുങ്ങിയ മകന്റെ നേരെ പിതാവ് തീപ്പെട്ടി ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം( വ്യാഴാഴ്ച) യോടെ മകന്‍ മരണത്തിന് കീഴടങ്ങി. ഇരുവരും തമ്മില്‍ വര്‍ഷങ്ങളോളം വാക്കുതര്‍ക്കം നിലനില്‍ക്കുന്നുവെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ പറയുന്നു.