X

ആര്‍.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചക്ക് ഉറ്റബന്ധുവിനെ വിട്ടത് കല്യാണം ആലോചിക്കാനാണോ? മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നത് മറുപടിയില്ലാത്തത് കൊണ്ട്: പി.എം.എ സലാം

കേരള രാഷ്ട്രീയവും മതേതര പൊതുസമൂഹവും നടുക്കത്തോടെ കേട്ട ആരോപണങ്ങൾക്ക് യാതൊരു മറുപടിയും പറയാനില്ലാത്തത് കൊണ്ടാണ് വിഷയം വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രി ഉരുണ്ടുകളിക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രസ്താവിച്ചു. തലശ്ശേരി കലാപവും കുഞ്ഞിരാമന്റെ മരണവുമൊക്കെ കേരളം പലതവണ ചർച്ച ചെയ്തതാണ്. പള്ളി സംരക്ഷിക്കുമ്പോഴാണ് കുഞ്ഞിരാമൻ കൊല്ലപ്പെട്ടത് എന്നത് സി.പി.എമ്മുകാർ കാലങ്ങളായി പ്രചരിപ്പിക്കുന്ന ഗീബൽസിയൻ നുണയാണ്. പിണറായി ആ നുണ ആവർത്തിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാൽ, കേരളത്തിന്റെ മുഖ്യമന്ത്രി ഇങ്ങനെ തരംതാഴരുത്.

കുഞ്ഞിരാമൻ കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. കലാപം അവസാനിച്ച് രണ്ട് നാൾ കഴിഞ്ഞ ശേഷം. കൂത്തുപറമ്പ് പൊലീസ്സ്റ്റേഷൻ പരിധിയിലെ തൊക്കിലങ്ങാടി-നെടുംപൊയിൽ റോഡിൽ അളകാപുരി കള്ള് ഷാപ്പിന് സമീപത്ത് വെച്ചാണ് യു.കെ കുഞ്ഞിരാമൻ മരപ്പലകകൊണ്ട് അടിയേറ്റ് മരിക്കുന്നത്. കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത 51 കേസുകളിൽ കുഞ്ഞിരാമന്റെ മരണം തലശ്ശേരി കലാപത്തിന്റെ ഭാഗമായുള്ള അക്രമത്തിന്റെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി ഹാജരായ കക്ഷികൾ ആകെ 41 സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്തിട്ടുണ്ടായിരുന്നു.

ഒന്നിൽ പോലും യു.കെ കുഞ്ഞിരാമന്റെ കൊലപാതകം പരാമർശിച്ചിട്ടില്ല. 110 പൊതുസാക്ഷികളും 28 കമ്മീഷൻ വരുത്തിയ സാക്ഷികളും ഉൾപ്പെടെ 138 സാക്ഷികളെ കമ്മീഷൻ വിസ്തരിച്ചിട്ടുണ്ട്. ഇതിൽ ഒരാൾപോലും കുഞ്ഞിരാമന്റെ കൊലപാതകം കമ്മീഷൻ മുമ്പാകെ കൊണ്ടുവന്നിട്ടില്ല. കമ്മീഷൻ മുമ്പാകെ ഹാജരാക്കപ്പെട്ട തെളിവിന്റെ ഭാഗമായി സ്വീകരിച്ച 288 രേഖകളിൽ ഒന്ന് പോലും കുഞ്ഞിരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നില്ല.

വസ്തുതകൾ ഇതായിരിക്കെ നുണക്കഥകൾ ആവർത്തിച്ച് വിഷയം മാറ്റാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല. ആർ.എസ്.എസ്സിന്റെ ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി കോവളത്ത് കൂടിക്കാഴ്ച നടത്തുമ്പോൾ മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവും കണ്ണൂരിലെ പ്രമുഖ ബിസിനസ്സുകാരനും കൂടെയുണ്ടായിരുന്നു.

രാഷ്ട്രീയമായ സെറ്റിൽമെന്റുകൾക്കല്ലാതെ കല്യാണാലോചനക്ക് വേണ്ടിയാണോ മുഖ്യമന്ത്രി ബന്ധുവിനെ പറഞ്ഞുവിട്ടത്? ഇതൊക്കെ നിസ്സാരമായി തള്ളിക്കളയാമെന്നാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും സ്പീക്കറുമൊക്കെ കരുതുന്നതെങ്കിൽ അത് നടപ്പുള്ള കാര്യമല്ല. രാഷ്ട്രീയ ബോധവും മതേതര ചിന്തയും കൈമോശം വന്നിട്ടില്ലാത്ത കേരളം ഈ അവിശുദ്ധ ബാന്ധവത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങും. ആ പ്രതിഷേധത്തിന്റെ മുൻനിരയിൽത്തന്നെ മുസ്‌ലിംലീഗുണ്ടാകും.- പി.എം.എ സലാം പറഞ്ഞു. വാചക കസർത്ത് കൊണ്ട് രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

webdesk13: