X
    Categories: MoreViews

ജാമ്യാപേക്ഷ കോടതി തള്ളി; ദിലീപ് വീണ്ടും ജയിലിലേക്ക്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി പ്രോസിക്കൂഷന് അനുകൂലമായിവിധി പറഞ്ഞത്.

നേരത്തേ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് ദിലീപിനെ കോടതിയില്‍ ഹാജരാക്കി ജാമ്യാപേക്ഷ തള്ളിയതായി അറിയിക്കുകയായിരുന്നു.
ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം കസ്റ്റഡി നീട്ടി കിട്ടാനായി പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല.

അങ്കമാലി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉച്ചയ്ക്ക് ശേഷമാണ് ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം തുടങ്ങിയത്. ദിലീപിന് വേണ്ടി മുതിര്‍ന്ന ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന്‍ വേണ്ടി അഡ്വ. എ സുരേഷനുമാണ് കോടതിയില്‍ ഹാജരായത്.

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍ ദിലീപ് നടത്തിയ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. നടിക്കെതിരെ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചരണങ്ങള്‍ ദിലീപിന്റെ സ്വാധീനം മൂലമാണെന്നും ഇപ്പോള്‍ തന്നെ ശക്തമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതിക്കുവേണ്ടി നടക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ആണെങ്കില്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
എന്നാല്‍ ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി.

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് ചുമത്തിയ ആരോപണങ്ങളെല്ലാം കളവാണെന്നും മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ സുനില്‍ കുമാറിന്റെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ള തെളിവന്നും പ്രതിഭാഗം വാദിച്ചു. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ജയില്‍ കിടന്ന് പ്രതികള്‍ എങ്ങനെ ഫോണ്‍ ഉപയോഗിച്ചു എന്നും അവിടെ നിന്ന് മറ്റുള്ളവരെ എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്, പ്രതിഭാഗം വാദിച്ചു.

ദിലീപിനെ ജൂലൈ 25 വരെയാണ് ഇപ്പോള്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

chandrika: