കെ.ബി.എ കരീം
കൊച്ചി
പിണറായി വിജയന്‍ അഭിമാന പോരാട്ടമായാണ് തൃക്കാക്കരയെ കാണുന്നതെന്നതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നടങ്കം ഇവിടെ തമ്പടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമേ മുഴുവന്‍ ഭരണപക്ഷ എം.എല്‍.എമാരും താമസം, യാത്ര തുടങ്ങിയവക്കടക്കം സര്‍ക്കാര്‍ സംവിധാനങ്ങളേയാണ് ആശ്രയിക്കുന്നത്. മന്ത്രിമാരുടെ വാഹനങ്ങളേയും അകമ്പടി പൊലീസ് വാഹനങ്ങളേയും കൊണ്ട് കൊച്ചി നഗരം പൊറുതിമുട്ടുകയാണ്. മെയ് ഒമ്പതിന് കൊച്ചിയിലെത്തിയ മുഖ്യമന്ത്രി തൊട്ടടുത്ത ദിവസം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കഴിഞ്ഞ് നാലു ദിവസമാണ് ഇവിടെ തങ്ങിയത്. അടുത്ത ദിവസം വീണ്ടുമെത്തുന്ന പിണറായി പ്രചാരണ സമാപനം വരെ ഇവിടെയുണ്ടാകും.
ഉപതിരഞ്ഞെടുപ്പിന് 11 ദിവസം ബാക്കി നില്‍ക്കെയാണ് തലസ്ഥാനത്ത് ഭരണമില്ലെന്ന അവസ്ഥ സംജാതമായിരിക്കുന്നത്. പ്രചാരണം ചൂടു പിടിക്കുന്ന വരും ദിവസങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പൂര്‍ണമായ ദുരുപയോഗമാകും ഉണ്ടാകുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണസംവിധാനം പരമാവധി ഉപയോഗിച്ചും കിട്ടാവുന്നത്ര വോട്ടുകള്‍ സ്വരൂപിക്കുക എന്ന തന്ത്രം പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ പുറത്തെടുക്കുക എന്നത് നേരത്തെ തന്നെ തീരുമാനിച്ചതാണെങ്കിലും കാര്യങ്ങള്‍ എളുപ്പമാകുന്നില്ലെന്ന അവസ്ഥയിലേക്ക്്് എത്തിയതിനാലാണ് പൂര്‍ണമായും ഭരണസംവിധാനത്തെ ആശ്രയിക്കാനുള്ള എല്‍ഡിഎഫ് നീക്കം.
മണ്ഡലത്തില്‍ തമ്പടിച്ചിരിക്കുന്ന മന്ത്രിമാര്‍ക്കും എം.എല്‍.എ.മാര്‍ക്കും വേണ്ടി പൊലീസ് സംവിധാനവും വാഹനങ്ങളും വന്‍തോതില്‍ ഉപയോഗപ്പെടുത്തുകയാണ്. ജില്ലയിലെ ഏതാണ്ട് എല്ലാ പൊലീസ് വാഹനങ്ങളും ഇതിനായി ദുരുപയോഗം ചെയ്യുന്നുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളേയും പ്രചരണത്തിന് വ്യാപകമായി ഉപയോഗിച്ച് വരികയാണ്. ജില്ലാ ഭരണ ആസ്ഥാനമായ കാക്കനാട് കലക്ട്രേറ്റിനോട് ചേര്‍ന്ന് ഒരു വിങ്ങ്് തന്നെ ഇതിനു വേണ്ടി നില കൊള്ളുന്നുണ്ട്.