X

കുട്ടികളിലെ പ്രമേഹത്തെ അംഗപരിമിതികളുടെ പട്ടികയില്‍ പെടുത്താന്‍ ഹര്‍ജി

കുട്ടികളില്‍ കാണപ്പെടുന്ന പ്രമേഹം (ടൈപ്പ്–1 ഡയബെറ്റിസ് മെലിറ്റസ്) അംഗപരിമിതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. തിരുവനന്തപുരം സ്വദേശി എ. ഷിഹാബുദ്ദീന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടി.

ഈ രോഗം ബാധിച്ച കുട്ടികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തന വൈകല്യം ഇന്‍സുലിന്‍ ഉല്‍പാദനത്തെ ബാധിക്കുമെന്നതിനാല്‍ നിരീക്ഷണവും ഇന്‍സുലിന്‍ കുത്തിവയ്പും മറ്റും വേണ്ടി വരും. പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാവില്ല.
അപൂര്‍വ രോഗങ്ങളുടെ പട്ടികയില്‍ ഈ രോഗത്തെ ഉള്‍പ്പെടുത്താന്‍ സാമൂഹികനീതി വിഭാഗത്തിലെ സ്ഥിരം സമിതി കേന്ദ്ര സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയതാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ടൈപ്പ്–1 പ്രമേഹ ചികിത്സയ്ക്കു പ്രത്യേക ക്ലിനിക്കുകള്‍ തുടങ്ങാന്‍ ഫണ്ട് അനുവദിക്കണം, പരീക്ഷയെഴുതുന്ന ഇത്തരം രോഗികള്‍ക്ക് പരീക്ഷാ ഹാളില്‍ ജ്യൂസ്, മിഠായി, ഇന്‍സുലിന്‍ തുടങ്ങിയവ കൊണ്ടുപോകാന്‍ അനുമതി നല്‍കണം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരക്കാര്‍ക്കു സ്‌പെഷല്‍ ക്വോട്ട അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

 

web desk 1: