X

മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു

ന്യൂഡല്‍ഹി: മഹേന്ദ്ര സിങ് ധോണി ഏകദിന ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തുടങ്ങാനിരിക്കെയാണ്‌ ധോണിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. നാളെയാണ് ഇംഗ്ലണ്ട് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിക്കുക.അതേസമയം പുതിയ നായകന് കീഴില്‍ ധോണി തുടരും. ധോണി ഒഴിയുന്നതോടെ വൈസ് ക്യാപ്റ്റന്‍ കോഹ് ലിയാവും ടീമിനെ നയിക്കുക. നിലവില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി കോഹ്ലിക്കാണ്. ടെസ്റ്റ് നായകപദവിയില്‍ കോഹ്‌ലി തിളങ്ങിനില്‍ക്കുന്ന സമയം കൂടിയാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കോഹ്ലി സ്വന്തമാക്കിയിരുന്നു. 2015ലാണ് ധോണി ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍വാങ്ങുന്നത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പര തോറ്റതിന് പിന്നാലെ ആയിരുന്നു ധോണി ടെസ്റ്റില്‍ നിന്ന് പടിയിറങ്ങിയത്. ഇന്ത്യക്ക് ഏകദിന, ടി20 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി കപ്പുകള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോണി. ഇന്ത്യയെ 199 ഏകദിനങ്ങളിലും 72 ടി20യിലും ക്യാപ്റ്റനായി ധോണി നയിച്ചു.

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലാണ് ധോണി അവസാനമായി ടീമിനെ നയിച്ചത്. അന്ന് പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിന, ടി20 നായക പദവി കൂടി കോഹ് ലിയില്‍ ഏല്‍പ്പിക്കണമെന്ന് മുറവിളി ശക്തമാകുന്നതിനിടെയാണ് നായകപദവിയില്‍ നിന്ന് ധോണി പടിയിറങ്ങുന്നത്.

chandrika: