ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും ഇന്ത്യയെ കിരീട വിജയങ്ങളിലേക്ക് നയിച്ച മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കോലിയുടെ കീഴില്‍ 2019 ക്രിക്കറ്റ് ലോകകപ്പില്‍ അവസാനമായി രാജ്യത്തിന് വേണ്ടി കളിച്ച താരം സജീവ ക്രിക്കറ്റില്‍ നിന്ന് ഇക്കാലമത്രയും മാറിനില്‍ക്കുകയായിരുന്നു. ഒടുക്കം രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെയാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ കളംവിട്ടത്. എന്നാല്‍ എംഎസ്ഡി എന്ന ബ്രാന്റ് നെയിമിലും ഏഴാം നമ്പറിലും തലയായും ആരാധകരുടെ മനസ്സ് കീഴക്കിയ റാഞ്ചിക്കാരന്‍ ഒടുവില്‍ മൈതാനം വിടുന്നത് മനസ്സു തകര്‍ന്നാണോ എന്ന ചോദ്യമാണ് ആദ്ദേഹത്തിന്റെ വിരമിക്കല്‍ സന്ദേശം ഉയര്‍ത്തുന്നത്.
സോഷ്യല്‍ മീഡിയയില്‍ വിടവാങ്ങല്‍ പ്രഖ്യാപിച്ചുകൊണ്ട് താരം പോസ്റ്റ് ചെയ്ത നൊസ്റ്റാള്‍ജിക് വീഡിയോയുടെ പശ്ചാത്തല ഗാനം അത്രക്ക് വിഷാദ കാവ്യമായിപ്പോയി എന്നതാണ് ആരാധരുടെ മനസ്സ് പറയുന്നത്. പ്രശസ്ത കവി സാഹിര്‍ ലുധിയാന്‍വി രചിച്ച ‘മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം” എന്ന ദാര്‍ശനിക മാനങ്ങളുള്ള കവിതക്ക് ചിത്രീകരണമൊരുക്കിയതാണ് ധോനിയുടെ വിടവാങ്ങല്‍ വീഡിയോ. വിഷാദം നിറഞ്ഞ ഒരു വിടവാങ്ങലായ ഈ കവിത പിന്നീട് കവിയുടെ അനുമതിയോടെ അമിതാഭ് ബച്ചന്റെ “കഭീ കഭീ” എന്ന സിനിമക്കായയും ഉപയോഗിച്ചിരുന്നു. യഷ് ചോപ്ര ഒരുക്കിയ ചിത്രത്തില്‍ ബച്ചന്‍ അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം കവിസമ്മേളനത്തില്‍ ആലപിക്കുന്ന രീതിയില്‍ ഖയ്യാം ചിട്ടപ്പെടുത്തിയ ഗാനം മുകേഷാണ് പാടിയത്.
വരുന്ന ലോകകപ്പിലും രാജ്യത്തിന്റെ വിക്കറ്റ് കീപ്പറും ഫിനിഷറുമായി കളം നിറയാന്‍ താരത്തിന്റെ തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കോവിഡ് മഹാമാരിക്കിടെ ധോനിയുടെ അപ്രതീക്ഷിത വിടവാങ്ങള്‍. ഇക്കാലയളവില്‍ മഹേന്ദ്ര സിംഗ് ധോനി എന്ന 39 കാരന്‍ അനുഭവിച്ചതെല്ലാം ഉള്‍പ്പെടുന്നത് തന്നെയാണ് ഈ പാട്ടിലുള്ളതും.
“മേ പല്‍ ദോ പല്‍ കാ ശായര്‍ ഹൂം പല്‍ ദോ പല്‍ മേരി കഹാനി ഹേ പല്‍ ദോ പല്‍ മേരി ഹസ്തി ഹേ പല്‍ ദോ പല്‍ മേരി ജവാനി ഹേ..” എന്ന് തുടങ്ങുന്ന സാഹിറിന്റെ വരികളുടെ ആശയം ഇങ്ങനെയാണ്..
ഈ ഒന്നോ രണ്ടോ നിമിഷങ്ങളില്‍ മാത്രമാണ് ഞാന്‍ കവിയാവുന്നത്.
എന്റെ കഥ, എന്റെ യൗവനം, എന്റെ സാന്നിധ്യവുമെല്ലാം ഈ ഒന്നോ രണ്ടോ നിമിഷത്തേക്ക് മാത്രമുള്ളത്.
എനിക്ക് മുന്‍പ് ഈ വഴികളില്‍ എണ്ണമറ്റ കവികള്‍ വന്നു മറഞ്ഞുപോയിരിക്കുന്നു
ചിലര്‍ നീറുന്ന ഹൃദയവുമായി,
ചിലര്‍ ആത്മംതൃപ്തിയോടെ.
അവരും നൈമിഷികമായി മാത്രം നിലനിന്നവരാണ്
ഞാനും നിങ്ങള്‍ക്കൊപ്പം അത്തരമൊരു നിമിഷത്തിലായിരുന്നു ഇത്തിരി നേരം
ഇന്ന് ഞാന്‍ നിങ്ങളുടെ ഭാഗമാണെങ്കിലും
നാളെ ഞാന്‍ നിങ്ങളില്‍ നിന്നായി കാലഹരണപ്പെടും
നാളെ പുതിയ കവികള്‍ വരും.
അവരുടെ കവിതകള്‍ പഴയവ നിഷ്പ്രഭമാക്കും.
അവര്‍ എന്നെക്കാള്‍ നല്ല എഴുത്തുകാരാവും
നിങ്ങളെക്കാള്‍ നല്ല ആസ്വാദകരും അവര്‍ക്കുണ്ടാകും..
എങ്കിലും എന്നെ ആരെങ്കിലും ഓര്‍ത്തിരുന്നെങ്കിലെന്ന് ഞാന്‍ കരുതുന്നു!
എന്നാല്‍ എന്തിനോര്‍ക്കണം അല്ലേ?
തിരക്കുപിടിച്ച ഈ ലോകത്ത് എന്നെ ഓര്‍ത്ത് പാഴാക്കാന്‍ ആര്‍ക്കുണ്ട് സമയം…?”
ധോനി തന്റെ ഇടം പിരിയുമ്പോള്‍ ഈ വരികളെ വിടവാങ്ങലായി എടുത്തത് യാദൃച്ഛികമാവില്ല. ജയങ്ങള്‍ക്കിടയിലും താരം വിമര്‍ശിക്കപ്പെട്ട കാലം വ്യക്തമാക്കുന്നത് അതാണ്. ഔട്ടാവുണ്ടാമ്പോള്‍ തിരിഞ്ഞുനോക്കാതെ മൈതാനം വിടുന്ന ക്യാപ്റ്റന്‍ കൂളിന്റെ പക്വതയാര്‍ന്ന ജീവിതവീക്ഷണവും ഫിനിഷറിന്റെ ഹെലികോപ്റ്റര്‍ ഷോട്ടും എല്ലാമുണ്ട് ആ വരികളില്‍. മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒരു സാധാരണ മനുഷ്യന്റെ ആത്മഗതം.
അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റിന് ഒരിക്കലും മറക്കാത്ത വിജയങ്ങള്‍ സമ്മാനിച്ച എം.എസ് ധോണിയുടെ വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ച ഭാര്യ സാക്ഷി സിങും വികാരാഭരിതയായി. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ധോനി വിരുദ്ധ പ്രചരണങ്ങള്‍ക്കിടയില്‍ പോലും ധോണിയുടെ തീരുമാനങ്ങള്‍ക്കെല്ലാം ഉറച്ച പിന്തുണ നല്‍കിയിരുന്ന, വിമര്‍ശനങ്ങളോട് ശക്തമായി തിരിച്ചടിച്ചിരുന്ന വ്യക്തിയാണ് സാക്ഷി. നേടിയെടുത്തതിലെല്ലാം നിങ്ങള്‍ക്ക് അഭിമാനിക്കാവുന്നതാണ്. കളിക്കളത്തില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തതിന് അഭിനന്ദനങ്ങള്‍. നിങ്ങളുടെ നേട്ടങ്ങളിലും വ്യക്തിത്വത്തിലും ഞാന്‍ അഭിമാനിക്കുന്നു. ആരോഗ്യവും സന്തോഷവും നിറയുന്ന ഒരു ഭാവി ആശംസിക്കുകയാണെന്നും സാക്ഷി കുറിച്ചു.
അമേരിക്കന്‍ എഴുത്തുകാരി മായ ആഞ്ചിലോവിന്റെ വാക്കുകളും സാക്ഷി ധോണിക്കായി വൈകാരികമായി കുറിച്ചിട്ടുണ്ട്. നിങ്ങള്‍ പറഞ്ഞത് ജനങ്ങള്‍ മറന്നേക്കാം, നിങ്ങള്‍ ചെയ്ത കാര്യങ്ങളും അവര്‍ മറന്നേക്കാം. എന്നാല്‍, അവരുടെയുള്ളില്‍ നിങ്ങളുണ്ടാക്കിയ വൈകാരിക അനുഭവം അവര്‍ ഒരിക്കലും മറക്കില്ലെന്നായിരുന്നു മായയുടെ വാക്കുകള്‍.