പൂനെ: ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എംഎസ് ധോനിക്ക് കര്‍ശന താക്കീത്. ഐപിഎല്‍ മത്സരത്തിനിടെ തമാശക്കായി ധോനി കാട്ടിയ ഒരു ആംഗ്യമാണ് ശിക്ഷ വാങ്ങിക്കൊടുത്തത്. പത്താം ഐപിഎല്ലിലെ പൂനെയുടെ ആദ്യമത്സരത്തിനിടെയായിരുന്നു സംഭവം.
ഐപിഎല്ലില്‍ ഡിആര്‍എസിന് അനുവാദമില്ല എന്നിരിക്കെ മത്സരത്തില്‍ ഔട്ടെന്ന് ഉറപ്പായ ഒരു അപ്പീല്‍ അമ്പയര്‍ തള്ളിയപ്പോള്‍ ഡിആര്‍എസിന് വേണ്ടി സിഗ്‌നല്‍ കാട്ടിയതാണ് ക്യാപ്റ്റന്‍ കൂളിനെ കുടുക്കിയതെന്നാണ് വിവരം. ഇമ്രാന്‍ താഹിറിന്റെ ഓവറില്‍ മുംബൈ ഇന്ത്യന്‍ താരം പൊള്ളാര്‍ഡിനെതിരായ അപ്പീലാണ് അമ്പയര്‍ അവഗണിച്ചത്. തുടര്‍ന്ന് തമാശക്കായി ധോണി ഡിആര്‍എസിന് വേണ്ടി ആംഗ്യം കാണിക്കുകയായിരുന്നു. എന്നാല്‍ ഇത് തമാശയായി കാണാന്‍ മാച്ച് റഫറിയായ മനു നയ്യാര്‍ക്ക് കഴിഞ്ഞില്ല.
തുടര്‍ന്നു ഐപിഎല്‍ കോഡ് ഓഫ് കോണ്ടക്ട് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ധോണിക്ക് കര്‍ശന താക്കീത് നല്‍കുകയായിരുന്നു.
ധോണി കോഡ് ഓഫ് കോണ്ടക്ട് ലെവല്‍ വണ്‍ ലംഘിച്ചതായാണ് റഫറി കണ്ടെത്തിയത്. ഐപിഎല്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരത്തിന്റെ സ്പിരിറ്റിന് അംഗീകരിക്കാനാകാത്തതാണ് ധോണിയുടെ പെരുമാറ്റമെന്നാണ് വിലയിരുത്തല്‍.