ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റ തുടര്‍ച്ചയായ മൂന്നാം തോല്‍വിയില്‍ സ്വന്തം ടീമിനെ പഴിച്ച് ക്യാപ്റ്റന്‍ എംഎസ് ധോണി. കളിക്കാര്‍ തെറ്റുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് എന്ന് കുറ്റപ്പെടുത്തിയ ക്യാപ്റ്റന്‍ ക്യാച്ച് നിലത്തിട്ടാല്‍ കളി ജയിക്കില്ലെന്നും വ്യക്തമാക്കി. സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴു റണ്‍സിനാണ് ചെന്നൈ തോറ്റത്. 165 റണ്‍സ് എന്ന താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 157 റണ്‍സ് എടുക്കാനേ ആയുള്ളൂ.
കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. പ്രിയംഗാര്‍ഗിനൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ശര്‍മ ഇന്നിങ്‌സിന്റെ നെടുന്തൂണാകുകയും ചെയ്തു. 16-ാം ഓവറിന് ശേഷം ചെന്നൈ രണ്ട് നോബോളുകളും എറിഞ്ഞു.
സണ്‍റൈസേഴ്‌സ് ഇന്നിങ്‌സിലെ അവസാന പന്തില്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ പ്രിയം ഗാര്‍ഗിനെ പുറത്താക്കിയെങ്കിലും അത് നോബോള്‍ ആകുകയായിരുന്നു. 18-ാം ഓവറിലെ ആദ്യ രണ്ടു പന്തിലാണ് അഭിഷേക് ശര്‍മ്മയെ ചെന്നൈ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഇതിലൊന്ന് സൂപ്പര്‍ ഫീല്‍ഡറായ രവീന്ദ്ര ജഡേജയായിരുന്നു.
കളിയില്‍ 36 പന്തില്‍ നിന്ന് ധോണി 47 റണ്‍സെടുത്തെങ്കിലും ക്യാപറ്റന്‍ പഴയ ഫോമിന്റെ നിഴല്‍ മാത്രമായിരുന്നു. പല പന്തുകളും ധോണിക്ക് കൃത്യമായി കണക്ട് ചെയ്യാനായില്ല. ഒരുകാലത്ത് കൂറ്റനടികള്‍ക്ക് പേരു കേട്ട താരത്തിന് പല തവണ മിസ്‌ടൈമിങുമുണ്ടായി.
പല പന്തിലും ശരിയായി കളിക്കാനായില്ലെന്ന് ധോണി പറഞ്ഞു. മിക്കവാറും നന്നായി ശ്രമിച്ചു. പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാലും ചൂട് അസഹ്യമായിരുന്നു. തൊണ്ട വരളുകയും ചെയ്തു- ധോണി പറഞ്ഞു. മത്സരത്തിനിടെ ധോണി പല തവണ റെസ്റ്റ് എടുക്കുന്നത് കാണാമായിരുന്നു.
മൂന്നു കളികള്‍ തുടര്‍ച്ചയായി തോറ്റു. തെറ്റുകളില്‍ നിന്ന് പാഠം പഠിക്കേണ്ടിയിരിക്കുന്നു. വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ ആകില്ല. നോക്കൗട്ട് കളി ആയിരുന്നെങ്കില്‍ ഒരു ക്യാച്ച് നഷ്ടപ്പെടുത്തുന്നതിന് പോലും വലിയ വില കൊടുക്കേണ്ടി വരുമായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.