X

437 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കളത്തില്‍; എല്ലാ കണ്ണുകളും ധോണിയിലേക്ക്

അബുദാബി- കുട്ടിക്രിക്കറ്റിന്റെ ആവേശപ്പോരിലേക്ക് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം. അറേബ്യന്‍ മരുഭൂമിയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുമ്പോള്‍ ഒരേയൊരാളിലേക്കാണ് ശ്രദ്ധ മുഴുവന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ സാക്ഷാല്‍ എംഎസ് ധോണിയിലേക്ക്. ചെന്നൈയുടെ ‘തല’ എന്നറിയപ്പെടുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ 437 ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും കളത്തിലിറങ്ങുന്നത്. അതും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷവും.

മുന്‍ പേസ് ബൗളര്‍ ഇര്‍ഫാന്‍ പത്താന്‍ ബൗളര്‍മാര്‍ക്ക് ധോണിയെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിക്കഴിഞ്ഞു. ‘എല്ലാ ബൗളര്‍മാരും ശ്രദ്ധിക്കണം. മഹേന്ദ്രസിങ് ധോണിക്കെതിരെ ബൗള്‍ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ ആകുന്നതിന് മുമ്പുള്ള ധോണിയെ ഒരുപക്ഷേ കാണാം’- എന്നാണ് ഇര്‍ഫാന്‍ പറഞ്ഞത്. നാലാമതോ അഞ്ചാമതോ ആയി ധോണി ക്രീസിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

പരിശീലനത്തിനിടെ ഹെലികോപ്ടര്‍ ഷോട്ടുകള്‍ പായിക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദി കിങ് ഈസ് ബാക്ക് എന്നു പറഞ്ഞാണ് ആരാധകര്‍ തിരിച്ചുവരവ് ആഘോഷിക്കുന്നത്. ഐപിഎല്ലില്‍ ഇതുവരെ 174 മത്സരങ്ങളാണ് ധോണി കളിച്ചത്. അതില്‍ 104ലും വിജയിച്ചു. 59.77 ആണ് വിജയശതമാനം. മറുഭാഗത്ത് മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മോശമല്ല. 104 മത്സരങ്ങളില്‍ നിന്ന് 62 വിജയം. വിജയശതമാനം 59.62.

ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ചെന്നൈയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

Test User: