X

കഴിവുണ്ടെങ്കില്‍ പ്രായം ഒന്നും ഒരു തടസമല്ല, ലോകകപ്പ് കഴിഞ്ഞാലും ധോണി ക്രിക്കറ്റില്‍ തുടരട്ടെയെന്ന് ഗാംഗുലി

കൊല്‍ക്കത്ത: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ പിന്തുണച്ച് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പിന് ശേഷവും വേണമെങ്കില്‍ ധോണിക്ക് ടീമില്‍ തുടരാമെന്ന് ഗാംഗുലി അഭിപ്രായപ്പെട്ടു. ലോകകപ്പ് കഴിഞ്ഞാല്‍ ധോണി കളി മതിയാക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ഗാംഗുലിയുടെ പരാമര്‍ശം.

വേണമെങ്കില്‍ ധോണിക്ക് ലോകകപ്പിന് ശേഷവും ടീമില്‍ തുടരാം. ഇന്ത്യ ലോകകപ്പ് നേടുകയും ധോണിക്ക് സ്ഥിരതയോടെ കളിക്കാനാവുകയും ചെയ്താല്‍ ധോണി പിന്നെയെന്തിനു വിരമിക്കണം? കഴിവുണ്ടെങ്കില്‍ പ്രായം ഒന്നും ഒരു ഘടകമേയല്ല- ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ കരുത്തുറ്റ പേസ്‌നിര നിര്‍ണായകമാകുമെന്നും മുഹമ്മദ് ഷമിയും ജസപ്രീത് ബുംറയും സ്ഥിരതയാര്‍ന്ന പ്രകടനമാണ് പുലര്‍ത്തുന്നതെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. ഭുവനേശ്വര്‍ കുമാറിനെ കൂടാതെ ഉമേഷ് യാദവ് നാലാം പേസറായി ടീമിലുണ്ടാകണമെന്നും ഗാംഗുലി വ്യക്തമാക്കി.

മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നതെങ്കിലും ശിഖര്‍ ധവാനേയും ഗാംഗുലി പിന്തുണച്ചു. ഓപ്പണിങ് ബാറ്റ്സ്മാരില്‍ മാറ്റം വരുത്തരുത്. രോഹിത്- ധവാന്‍ സഖ്യം ഓപ്പണ്‍ ചെയ്യട്ടെ. മൂന്നാമതായി കോലി ഇറങ്ങണമെന്നും പിന്നാലെ അമ്പാട്ടി റായുഡു, ധോണി, കേദാര്‍ ജാദവ് എന്നിവര്‍ കളിക്കണമെന്നും ഗാംഗുലി.

എന്നാല്‍, രവീന്ദ്ര ജഡേജയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് ഗാംഗുലി ആവശ്യപ്പെട്ടു. ജഡേജയേക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് വിജയ് ശങ്കറാണെന്നും മുന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

web desk 1: