ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി എതിരാളികളെ പന്തെറിയാനയച്ച ഇന്ത്യ ശിഖര്‍ ധവാന്റെ (109) സെഞ്ച്വറിയുടെയും നായകന്‍ വിരാട് കോലിയുടെ (75) അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ 289 റണ്‍സെടുത്തു. മുന്‍ നായകന്‍ എം.എസ് ധോണിയുടെ (42 നോട്ടൗട്ട്) ബാറ്റിങും നിര്‍ണായകമായി.
ഓപണര്‍ രോഹിത് ശര്‍മ (5) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ട മത്സരത്തില്‍ ധവാനും കോലിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. സ്‌കോര്‍ 20-ല്‍ നില്‍ക്കെ അഞ്ചാം ഓവറില്‍ ഒരുമിച്ച ഇരുവരും 178-ലെത്തിച്ച ശേഷമാണ് പിരിഞ്ഞത്. മോറിസിന്റെ പന്തില്‍ കോലി ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 105 പന്ത് നേരിട്ട് പത്ത് ഫോറും രണ്ട് സിക്‌സറുമടക്കം 109 റണ്‍സ് നേടിയ ധവാന്‍ പിന്നാലെ മടങ്ങിയപ്പോള്‍ ഇന്ത്യ മൂന്നിന് 206 എന്ന നിലയിലായി.
അജിങ്ക്യ രഹാനെ (8), ശ്രേയസ് അയ്യര്‍ (18), ഹര്‍ദിക് പാണ്ഡ്യ (9), ഭുവനേശ്വര്‍ കുമാര്‍ (5) എന്നിവരെല്ലാം വലിയ ഇന്നിങ്‌സ് കളിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ധോണിയുടെ പക്വതയാര്‍ന്ന ഇന്നിങ്‌സ് ഇന്ത്യക്ക് മികച്ച ടോട്ടല്‍ സമ്മാനിക്കുകയായിരുന്നു.
ആദ്യത്തെ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്നു കൂടി ജയം കാണാനായാല്‍ ദക്ഷിമാഫ്രിക്കന്‍ മണ്ണില്‍ പരമ്പര എന്ന ചരിത്ര നേട്ടത്തിലെത്താന്‍ കഴിയും. രാത്രിവെളിച്ചത്തില്‍ ചേസിങ് ദുഷ്‌കരമായ പിച്ചില്‍ ബൗളര്‍മാരുടെ കൈകളിലാണ് ഇനിയുള്ള കാര്യങ്ങള്‍.