പോര്‍ട്ട് ഓഫ് സ്‌പെയിന്‍: തുടര്‍ച്ചയായി ആറ് ഏകദിനങ്ങളില്‍ പരാജയപ്പെട്ട വിന്‍ഡീസ്. 50 ഓവര്‍ പൂര്‍ണമായും ബാറ്റ് ചെയ്യുന്നതില്‍ നിരന്തരം വീഴ്ച്ച വരുത്തുന്ന വിന്‍ഡീസ്. ആരെയും തോല്‍പ്പിക്കാനും ആരോടും തോല്‍ക്കാനും കെല്‍പ്പുള്ള വിന്‍ഡീസ്. നിക്കോളാസ് പുരാന്‍ നയിക്കുന്ന ഈ വിന്‍ഡീസിന് ഇന്ന് മുതല്‍ പരീക്ഷണകാലമാണ്. മൈതാനത്ത് ഇന്ത്യയാണ്. ശിഖര്‍ ധവാന്‍ എന്ന നായകന് കീഴില്‍ സീനിയേഴ്‌സ് ഇല്ലാത്ത ഇന്ത്യ. ഇന്ന് രാത്രി 7-30 മുതലാണ് മൂന്ന് മല്‍സര ഏകദിന പരമ്പര ആരംഭിക്കുന്നത്.
പ്രശ്‌നങ്ങളുടെ നടുക്കടലിലാണ് വിന്‍ഡീസ്. തോറ്റ് തോറ്റ് തൊപ്പിയിടുന്നവര്‍. പുരാന്‍ ഉള്‍പ്പെടെ ക്ലാസ് താരങ്ങളുണ്ടെങ്കിലും സ്ഥിരത പ്രകടിപ്പിക്കാന്‍ ടീമിനാവുന്നില്ല. കോച്ച് ഫില്‍ സിമണ്‍സും നായകനും ടീമിനോട് പറയുന്നത് ഒരു കാര്യം മാത്രം-50 ഓവറും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. ടീമിന് ആശ്വാസമുള്ള വലിയ വാര്‍ത്ത-മുന്‍ നായകനും ഓള്‍റൗണ്ടറുമായ ജാസോണ്‍ ഹോള്‍ഡര്‍ പരുക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്നു എന്നതാണ്. നായകന്‍ പുരാന്‍ ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ വ്യക്തിഗ മികവില്‍ കരുത്തനായിരുന്നു. കൂടാതെ ഇന്ത്യക്കെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡും അദ്ദേഹത്തിനുണ്ട്. ഇതാണ് ടീമിന് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകം.
ബാറ്റര്‍മാരില്‍ ഇന്ത്യ പേടിക്കേണ്ടത് പുരാനെ തന്നെ. കരീബിയന്‍ ബൗളിംഗ് സംഘത്തിലേക്ക് കീമോ പോള്‍ തിരികെ വന്നിട്ടുണ്ട്. കൈല്‍ മേയേഴ്‌സായിരിക്കും മറ്റൊരു പ്രധാനി. ഇന്ത്യന്‍ സംഘത്തില്‍ സമ്മര്‍ദ്ദമില്ല. പക്ഷേ രോഹിത് ശര്‍മ, വിരാത് കോലി, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ. റിഷാഭ് പന്ത് തുടങ്ങിയ സീനിയേഴ്‌സ് ഇല്ലാത്ത സാഹചര്യത്തില്‍ പകരം കളിക്കുന്നവര്‍ക്ക് ദേശീയ ടീമിലെ സ്ഥാനം ഉറപ്പിക്കാനുള്ള അവസരമാണിത്. ഓപ്പണിംഗില്‍ നായകനൊപ്പം ആരാണ് എന്ന ചോദ്യത്തിനുത്തരം ഇന്ന് മാത്രമേ അറിയു. സഞ്ജു സാംസണ് കോച്ച്് രാഹുല്‍ ദ്രാവിഡ് ടീമിലിടം നല്‍കുമോ എന്ന കാര്യത്തിനും ഉത്തരമിന്നായിരിക്കും. ബുംറയും ഷമിയുമില്ലാത്ത സാഹചര്യത്തില്‍ ബൗളിംഗ് ഭാരം മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ എന്നിവരിലാണ്. രവിന്ദു ജഡേജ, യൂസവേന്ദ്ര ചാഹല്‍ എന്നിവര്‍ സ്പിന്നര്‍മാരാവും. പിച്ച് ബാറ്റര്‍മാര്‍ക്ക്് അനുകുലമാവുമെന്നാണ് കരുതപ്പെടുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മല്‍സരം ഇവിടെ നടന്നപ്പോള്‍ ബൗളിംഗ് പിച്ച് ഒരുക്കിയതില്‍ നായകന്‍ പുരാന്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
കളിക്കാര്‍
ഇന്ത്യ: ശിഖര്‍ ധവാന്‍ (നായകന്‍), റിഥുരാജ് ഗെയിക്‌വാദ്, അല്ലെങ്കില്‍ ഇഷാന്‍ കിഷന്‍, ശ്രേയാംസ് അയ്യര്‍, ദീപക് ഹുദ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, രവീന്ദു ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, പ്രസീത് കൃഷ്ണ, യൂസവേന്ദ്ര ചാഹല്‍
വിന്‍ഡീസ്: ഷായ് ഹോപ്, ബ്രെന്‍ഡന്‍ കിംഗ്, ഷംറോണ്‍ ബ്രുക്‌സ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പുരാന്‍ (നായകന്‍) റോവ്മാന്‍ പവല്‍, ജാസോണ്‍ ഹോള്‍ഡര്‍, അഖില്‍ ഹുസൈന്‍, അല്‍സാരി ജോസഫ്, ഗുദ്‌കേഷ് മോതി, ജെയ്ഡന്‍ സീല്‍സ്.