കാന്‍ഡി: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 329 റണ്‍സ് എന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ശിഖര്‍ ധവാനും (119) അര്‍ധ സെഞ്ച്വറിയുമായി ലോകേഷ് രാഹുലും (85) മികച്ച തുടക്കം നല്‍കിയെങ്കിലും അത് പൂര്‍ണമായി മുതലെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. കളി നിര്‍ത്തുമ്പോള്‍ വൃദ്ധിമന്‍ സാഹ (13), ഹര്‍ദിക് പാണ്ഡ്യ (1) എന്നിവരാണ് ക്രീസില്‍.
തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും ടോസ് നേടിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ധവാനും രാഹുലും ചേര്‍ന്ന് നല്‍കിയത്. ഏകദിന ശൈലിയില്‍ ധവാന്‍ ബാറ്റ് വീശിയപ്പോള്‍ ആക്രമണവും പ്രതിരോധവും സമന്വയിപ്പിച്ച ബാറ്റിങ് ആയിരുന്നു രാഹുലിന്റേത്. തുടര്‍ച്ചയായ ഏഴാം ടെസ്റ്റിലും 50-നു മുകളില്‍ സ്‌കോര്‍ നേടിയ രാഹുല്‍ ഈ ഗണത്തിലെ റെക്കോര്‍ഡിനൊപ്പമെത്തി. എവര്‍ട്ടന്‍ വീക്‌സ്, ആന്‍ഡി ഫഌര്‍, ശിവനാരായണ്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, ക്രിസ് റോജേഴ്‌സ് എന്നിവരുടെ ക്ലബ്ബിലാണ് രാഹുല്‍ പ്രവേശിച്ചത്. ഒരു ഇന്ത്യന്‍ താരം ഇതാദ്യമായാണ് ഏഴ് ടെസ്റ്റുകളില്‍ തുടര്‍ച്ചയായി അര്‍ധ സെഞ്ച്വറി നേടുന്നത്.
45 പന്തില്‍ എട്ട് ഫോറുകളുടെ അകമ്പടിയോടെ ധവാന്‍ അര്‍ധ സെഞ്ച്വറിയിലെത്തിയപ്പോള്‍ രാഹുല്‍ 67 പന്തില്‍ നിന്നാണ് ഫിഫ്റ്റിയിലെത്തിയത്. 107 പന്തില്‍ 15 ബൗണ്ടറികളുടെ സഹായത്തോടെ ധവാന്‍ ശതകത്തിലെത്തി. സ്‌കോര്‍ 188-ല്‍ നില്‍ക്കെ പുഷ്പകുമാരയുടെ പന്തില്‍ രാഹുല്‍ ആണ് ആദ്യം പുറത്തായത്. എട്ട് ഓവറുകള്‍ക്കു ശേഷം ധവാനും പുഷ്പകുമാരക്ക് ഇരയായി. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാരയെ (8) സന്ദകന്‍ ആണ് മടക്കിയത്.
അജിങ്ക്യ രഹാനെക്ക് (17) മികവിലേക്കുയരാന്‍ കഴിയാതെ പോയപ്പോള്‍ ക്യാപ്ടന്‍ വിരാട് കോഹ്‌ലി (42), രവിചന്ദ്രന്‍ അശ്വിന്‍ (31) എന്നിവര്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.
രങ്കണ ഹെറാത്തിന്റെ അഭാവത്തില്‍ ശ്രീലങ്കന്‍ സ്പിന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ തിളങ്ങിയ പുഷ്പകുമാര 40 റണ്‍സിന് മൂന്നു വിക്കറ്റെടുത്തു. സന്ദകന്‍ രണ്ടും വിശ്വ ഫെര്‍ണാണ്ടോ ഒന്നും വിക്കറ്റെടുത്തു.
.
- 7 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories