തൃശൂര്‍: ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന പരാതിയില്‍ നടന്‍ അനൂപ് മേനോന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി. ഉപഭോക്താവിന്റെ പരാതിയില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് നടപടിയെടുത്തത്. തെറ്റായ പരസ്യം നല്‍കിയെന്ന പരാതിയില്‍ എറണാകുളം വെണ്ണലയിലെ ധാത്രി ആയുര്‍വേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍, പരസ്യത്തില്‍ അഭിനയിച്ച നടന്‍ അനൂപ് മേനോന്‍, മെഡിക്കല്‍ ഷോപ്പ് ഉടമ എന്നിവര്‍ക്കെതിരെയാണ് നടപടി.
ധാത്രിയും അനൂപ് മേനോനും പതിനായിരം രൂപ വീതം പിഴ അടയ്ക്കണം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം ബോധ്യമാകാതെ പരസ്യത്തില്‍ അഭിനയിച്ചെന്നാണ് അനൂപ് മേനോനെതിരായ കുറ്റം. ഉല്‍പ്പന്നം വിറ്റ വൈലത്തൂരിലെ എ വണ്‍ മെഡിക്കല്‍സ് ഉടമ മൂവായിരം രൂപയും പിഴ അടക്കണം. പിഴത്തുകകള്‍ ഹര്‍ജിക്കാരനായ വൈലത്തൂര്‍ സ്വദേശി ഫ്രാന്‍സിസ് വടക്കന് നല്‍കാനാണ് കോടതി ഉത്തരവ്.
മുടി വളരുമെന്ന പരസ്യം കണ്ട് ഹെയര്‍ ഓയില്‍ വാങ്ങുന്നത് ഫ്രാന്‍സിസ് വടക്കന്‍ പതിവാക്കിയിരുന്നു. എന്നാല്‍ എത്ര ഉപയോഗിച്ചിട്ടും മുടി മാത്രം വളര്‍ന്നില്ല. തുടര്‍ന്ന് ക്രീം വാങ്ങിയതിന്റെ ബില്ലുകള്‍ സഹിതം ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് മുമ്പ് സിനിമാ താരങ്ങളും സ്‌പോര്‍ട്‌സ് താരങ്ങളും അടക്കമുള്ളവര്‍ക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടായിരിക്കണമെന്ന് കോടതി വ്യക്തമാക്കി. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.