കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബാലുശ്ശേരി, വൈപ്പിന്‍ മണ്ഡലങ്ങള്‍ തനിക്ക് ഒരുപോലെ താല്‍പര്യമുള്ളതാണെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. പോസ്റ്റര്‍ ഒട്ടിച്ചും അനൗണ്‍സ്‌മെന്റ് നടത്തിയുമൊക്കെയായിരുന്നു തുടക്കം. പാര്‍ട്ടിയുടെ ഭാരവാഹിത്വവും വഹിച്ചിട്ടുണ്ട്. സിനിമാതിരക്കില്‍ ഇടയ്ക്ക് സജീവമല്ലാതായി. ഇപ്പോള്‍ ഓരോ ദിവസവും ഓരോ മണ്ഡലങ്ങളുടെ പേരാണ് താന്‍ മത്സരിക്കുമെന്ന് പറഞ്ഞ് പുറത്തുവരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും പാര്‍ട്ടി പറയുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്നും ധര്‍മജന്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വൈപ്പിന്‍ താന്‍ ജനിച്ചുവളര്‍ന്ന മണ്ഡലമാണ്. അതുപോലെ തന്നെ പ്രിയപ്പെട്ട മണ്ഡലമാണ് ബാലുശ്ശേരിയും. ഇവിടെ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. എത്രയോ നേതാക്കള്‍ മണ്ഡലം മാറി മത്സരിക്കുന്നുണ്ടെന്നും മണ്ഡലം മാറുന്നതില്‍ കാര്യമില്ലെന്നും ധര്‍മജന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ മൃദുസമീപനം മൂലമാണ് താന്‍ പാര്‍ട്ടിയില്‍ നില്‍ക്കാനാഗ്രഹിക്കുന്നത്.കലാകാരന്മാരില്‍ കൂടുതല്‍ പേരും വലതുപക്ഷക്കാരാണ്. ഇനിയും കൂടുതല്‍ കലാകാരന്മാര്‍ കോണ്‍ഗ്രസിലേക്ക് വരും. രമേശ് പിശാരടി,ഇടവേള ബാബു എന്നിവര്‍ പാര്‍ട്ടിയില്‍ സജീവമായി കഴിഞ്ഞു.രമേശ് പിശാരടിക്ക് ഏത് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചാലും ജയിക്കാന്‍ കഴിയും.എന്നാല്‍ സുരാജ് വെഞ്ഞാറംമൂടുമായി രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ധര്‍മജന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര കൊല്ലത്ത് എത്തുമ്പോള്‍ താന്‍ പങ്കെടുക്കുമെന്നും ധര്‍മജന്‍ പറഞ്ഞു. സലിം കുമാറിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കൊച്ചിയില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ പങ്കെടുക്കാത്തതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.