കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍. എടക്കാട് സ്വദേശി അനില്‍കുമാറിന്റെ അമ്മയോട് മോശമായി പെരുമാറിയ ധര്‍മ്മടം പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ സ്മിതേഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സ്മിതേഷ് അനില്കുമാറിന്റെ അമ്മയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. എന്നാല്‍ തന്നെ കസ്റ്റഡിയിലെടുത്തത് എന്തിനാണ് എന്ന് അറിയില്ല എന്ന് അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചതിന് പിന്നാലെയാണ് അമ്മയും സഹോദരനും അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയത്. മഫ്തിയിലായിരുന്ന എസ്എച്ച്ഒ സ്മിതേഷ് അനില്കുമാറിന്റെ അമ്മയോട് മോശമായി പെരുമാറി എന്നാണ് പരാതിയില്‍ പറയുന്നത്.