ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു.
കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് ‘തുള്ളുവതോ ഇളമൈ’ എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്‍ മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്‍ കണ്ട നായകന്‍ അവരുടെ
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്‍ കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്‍സി മിഡില്‍ സ്‌കൂളിലാണെന്ന് ദമ്പതികള്‍ പറയുന്നു. കലൈ ചെല്‍വനെ കണ്ടാല്‍ മനസ്സിലാകുന്ന അധ്യാപകര്‍ ഇവിടെയുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.
1985-ല്‍ ജനിച്ചെന്നു പറയുന്ന കലൈചെല്‍വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്‍ കീപ്പറായ കതിരേശന്‍ വര്‍ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്‍ അവര്‍ കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്‍ ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്‍ ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുവായ ഒരു അധ്യാപകന്‍ വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്‍ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്‍ക്കാര്‍ ആസ്പത്രിയില്‍ ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്‍ട്ടിഫിക്കറ്റില്‍ റജിസ്‌ട്രേഷന്‍ നമ്പര്‍ ഇല്ല. ആര്‍.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്‍ തിരിച്ചറിയല്‍ അടയാളം ചേര്‍ത്തിട്ടില്ലെന്നുള്‍പ്പെടെയുള്ള പോരായ്മകള്‍ എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്‍കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്‍ രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്‍.എ പരിശോധന നടത്താന്‍വരെ തയ്യാറാണെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കു പിറകില്‍ ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്‍ ഉന്നയിക്കുന്നത് പോലെ അവര്‍ക്ക് കലൈചെല്‍വന്‍ എന്ന മകനുണ്ടെങ്കില്‍ അവന്‍ എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്‍ എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്‍ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്‍ കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.