ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്‍ കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി.
കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്‍ കലൈസെല്‍വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്‍ക്ക് 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദമ്പതികള്‍ കോടതിയെ സമീപിച്ചത്. അടയാളമായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരിശോധനയില്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ധനുഷ് ലേസര്‍ ചികിത്സയിലൂടെ അവ മായ്ച്ചു കളഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്‍ ആസ്പത്രി അധികൃതര്‍ ഇത് നിരസിച്ചു.
ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ സ്വകാര്യതയെ ചോദ്യം ചെയ്യലാണെന്നും അതിന് തയ്യാറല്ലെന്നും ധനുഷ് വാദിച്ചു. തുടര്‍ന്നാണ് കേസ് തള്ളിയെന്ന മദ്രാസ് ഹൈക്കോടതി വിധി ഇന്ന് പുറത്തു വരുന്നത്. ധനുഷില്‍ നിന്നും പണം തട്ടാനുള്ള ദമ്പതികളുടെ കളിയാണ് ഇതെന്ന് ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.