X
    Categories: gulfNews

കരിപ്പൂര്‍ അപകടം: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്ന് യു.എ.ഇയിലെ മസാല കിങ്

ദുബൈ: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രവാസി വ്യവസായി ഡോ. ധനഞ്ജയ് ദത്താര്‍. യു.എ.ഇ അല്‍ അദീല്‍ ട്രേഡിങ് ചെയര്‍മാനും എംഡിയുമായ ധനഞ്ജയ് ദത്താര്‍ മസാല കിങ് എന്നാണ് അറിയപ്പെടുന്നത്.

‘വിമാനം നിയന്ത്രിച്ചിരുന്നത് ഏറ്റവും പരിചയമ്പന്നനായ കമാന്‍ഡര്‍മാരില്‍ ഒരാളായ ക്യാപ്റ്റന്‍ ദീപക് വസന്ത് സാഠേയാണ്. അദ്ദേഹം ഒരു വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. എന്റെ പിതാവ് മഹാദേവ് ദത്താറും ഒരു മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥനായിരുന്നു. അതു കൊണ്ടു തന്നെ ഇന്ത്യന്‍ വ്യോമസേനയുമായി എനിക്ക് അടുത്ത ബന്ധമാണ് ഉള്ളത്. ഈ വാര്‍ത്ത കേട്ട ഉടന്‍ തന്നെ ഇരകള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇത് തന്റെ ഭാഗത്തു നിന്നുള്ള ചെറിയ ആദരമാണ്’ അദ്ദേഹം പറഞ്ഞു.

താന്‍ മനസ്സിലാക്കിയിടത്തോളം നിരവധി യാത്രക്കാര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങളുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാനുള്ള വ്യക്തിപരമായ ശ്രമമാണിത്. മരണപ്പെട്ടവര്‍ക്ക് ഇതൊരു പകരമാകില്ല. കുടുംബങ്ങളുടെ പ്രാരാബ്ധങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരു ശ്രമം മാത്രമാണിത്- അദ്ദേഹം പറയുന്നു.

നേരത്തെ, കോവിഡ് മൂലം യു.എ.ഇയില്‍ കുടുങ്ങിയ 1800 പേരെ നാട്ടിലെത്തിക്കാന്‍ പത്തുലക്ഷം ദിര്‍ഹവും അദ്ദേഹം ചെലവിട്ടിരുന്നു. മടക്കയാത്രയ്ക്ക് പണമില്ലാത്ത പ്രവാസികള്‍ക്കാണ് അദ്ദേഹം ടിക്കറ്റ് നല്‍കിയിരുന്നത്.

Test User: