X

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം-എഡിറ്റോറിയല്‍

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി ബാധ വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം തുടങ്ങിയ ജില്ലകളിലാണ് ഡെങ്കിപ്പനി കേസുകള്‍ കൂടി നില്‍ക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഈ ജില്ലകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുമുണ്ട്. തുടര്‍ച്ചയായ മഴ കാരണം പല ജില്ലകളിലും ഡെങ്കിപ്പനി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും അവബോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്. മറ്റ് ജില്ലകളും ജാഗ്രത പുലര്‍ത്തണം. എല്ലാ ജില്ലകളിലും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തേണ്ടതിന്റെ അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നത്.

വര്‍ഷത്തില്‍ ഏകദേശം 39 കോടി മനുഷ്യര്‍ക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ രോഗം കൂടുതലായി കണ്ടുവരുന്നു. ഈഡിസ് ജനുസിലെ, ഈജിപ്തി, അല്‍ബോപിക്ട്‌സ് എന്നീ ഇനം പെണ്‍ കൊതുകുകള്‍ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഇവ ശുദ്ധജലത്തില്‍, പ്രത്യേകിച്ച് മഴവെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകളാണ്. പകല്‍ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവമുള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളും ഉണ്ട്. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്ര ഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

ചില വേളകളില്‍ ‘എല്ലു നുറുങ്ങുന്ന വേദന’ അനുഭവപ്പെടുന്നു. മൂന്നു നാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാള്‍ രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നീണ്ടുനില്‍ക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ച് സങ്കീര്‍ണമാകുമ്പോഴാണ് പലരും ആശുപത്രിയിലെത്തുന്നത്. ഇത് രോഗം ഗുരുതരമാക്കും. അതിനാല്‍ പനി ബാധിച്ചാല്‍ മറ്റ് പകര്‍ച്ചപ്പനികളല്ലെന്ന് ഉറപ്പ്‌വരുത്തേണ്ടതാണ്. ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്‌സിന്‍ നിലവിലില്ല എന്നതാണ് വാസ്തവം. രോഗലക്ഷണങ്ങള്‍ മനസ്സിലാക്കി ചികിത്സ നല്‍കുകയാണ് പതിവ്. ശരീരത്തിലെ ദ്രാവക നഷ്ടം നികത്തല്‍, രക്തമോ പ്ലേറ്റ്‌ലറ്റോ നല്‍കല്‍ എന്നിവ രോഗതീവ്രത കുറക്കുന്നതിനും മരണം സംഭവിക്കുന്നത് തടയാനുമായി സ്വീകരിച്ചുവരുന്ന മാര്‍ഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കാനായി ഹൃദ്രോഗികള്‍ക്കും മറ്റും നല്‍കിവരുന്ന ആസ്പിരിന്‍ പോലെയുള്ള ഔഷധങ്ങള്‍ രോഗബാധിതര്‍ ഉപയോഗിക്കാന്‍ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം.

ഡെങ്കിപ്പനി ഇന്ന് അന്തര്‍ദേശീയ പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഡെങ്കിപ്പനിയുടെ തീവ്രത വര്‍ഷംതോറും ഏറിവരുന്നതായി സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകജനസംഖ്യയുടെ ഏകദേശം 40 ശതമാനം ഡെങ്കിപ്പനി ഭീഷണി നേരിടുന്നു. പ്രതിവര്‍ഷം ഏകദേശം 10 കോടി ആളുകള്‍ രോഗബാധിതരാകുന്നു. ജാഗ്രതയോടെ ജീവിക്കുക എന്നതാണ് കരണീയ മാര്‍ഗം. എങ്കിലും ആശുപത്രികളില്‍ വേണ്ടത്ര മരുന്നും മറ്റു സൗകര്യങ്ങളുമുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കി കൈയും കെട്ടി നോക്കിനില്‍ക്കുകയല്ല ആരോഗ്യ വകുപ്പ് ചെയ്യേണ്ടത്. കൊതുകിനെ നശിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായണം. ഫോഗിംഗ് ശാസ്ത്രീയമാക്കണം. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോസ്റ്റലുകള്‍ എന്നിവ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്ന കാര്യം പൊതുജനങ്ങളും മനസ്സിലാക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയായി നിലനിര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. വീട്ടിനകത്തെ ചെടികള്‍ വെക്കുന്ന ട്രേയില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെടിച്ചട്ടികളുടെയും ഫ്രിഡ്ജിലെയും ട്രേയിലെ വെള്ളം ആഴ്ച തോറും മാറ്റണം. അടഞ്ഞുകിടക്കുന്ന വീടുകള്‍, സ്ഥാപനങ്ങള്‍, ഉപയോഗശൂന്യമായ ടയറുകള്‍, ബ്ലോക്കായ ഓടകള്‍, വീടിനകത്തെ ചെടികള്‍, വെള്ളത്തിന്റെ ടാങ്കുകള്‍, ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകള്‍, പഴയ വാഹനങ്ങള്‍ എന്നിവയും ശ്രദ്ധിക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂത്താടി പ്രജനനം നടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ വരാതെ നോക്കുന്നത്.

Test User: