തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അധികാരദുര്‍വിനിയോഗം നടത്തിയെന്ന പേരില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്.
കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം, വയനാട്ടിലെ റവന്യൂ റിക്കവറിയില്‍ അവിഹിതമായ ഇടപെടല്‍, പൊലീസിലെ ഉന്നത സ്ഥാനം ഉപയോഗിച്ച് കേസുകളില്‍ വഴിവിട്ട കടന്നുകയറ്റവും ഇടപെടലും തുടങ്ങിയ ആരോപണങ്ങളുന്നയിച്ചായിരുന്നു സ്വകാര്യ ഹര്‍ജി നല്‍കിയിരുന്നത്. ഈ ഹര്‍ജിയിലാണ് സെന്‍കുമാര്‍ പദവി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.
സെന്‍കുമാറിനെതിരെ നേരത്തേ തന്നെ ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അന്വേഷണം നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചിരുന്നു. അന്നു തന്നെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു.
വീണ്ടും ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ഹര്‍ജി വിജിലന്‍സ് കോടതിയില്‍ എത്തിച്ചത്. സെന്‍കുമാറിനെതിരായ ആറുപരാതികള്‍ സമന്വയിപ്പിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.