തിരുവനന്തപുരം: പീഡനക്കേസുകളിലടക്കം പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി.ആര്‍. സുനുവിനെതിരെ നടപടി കടുപ്പിക്കുന്നു. ഇന്ന് രാവിലെ 11ന് പൊലീസ് ആസ്ഥാനത്ത് ഹാജരായി പിരിച്ചുവിടാതിരിക്കാനുള്ള കാരണം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുനുവിനു ഡി.ജി.പി നോട്ടിസ് അയച്ചു. ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത കേസ് ഉള്‍പ്പെടെ 15 പ്രാവശ്യം അച്ചടക്ക നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് പി ആര്‍ സുനു. പിരിച്ചുവിടാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനായി നേരത്തെ ഡി.ജി.പി നോട്ടീസ് നല്‍കിയിരുന്നു. നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു.
പക്ഷേ ഡി.ജി.പിക്ക് നടപടിയുമായി മുന്നോട്ട് പോകാമെന്നായിരുന്ന കോടതി ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 31ന് സുനു മറുപടി നല്‍കി. ഈ മറുപടി പരിശോധിച്ചാണ് നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാന്‍ വീണ്ടും ഡിജിപി നോട്ടീസ് നല്‍കിയത്.
ബേപ്പൂര്‍ കോസ്റ്റല്‍ എസ്എച്ച്ഒ ആയിരുന്ന സുനു നിലവില്‍ സസ്‌പെന്‍ഷനിലാണ്. തൃക്കാക്കരയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ മൂന്നാം പ്രതിയാണ് പി.ആര്‍.സുനു. തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ സുനുവിനെ ചോദ്യംചെയ്ത് വിട്ടയയ്ക്കുകയായിരുന്നു. ഒരു കേസ് പോലും തന്റെ പേരില്‍ ഇല്ലെന്നും പരാതിക്കാരിയെ അറിയില്ലെന്നുമാണ് സുനുവിന്റെ അവകാശവാദം. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയിലുള്ളതാണ്. കൊച്ചിയിലും കണ്ണൂരിലും തൃശൂരിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമാണ്. 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചതിന് പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിരുന്നു.