അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാന്‍ തീരുമാനം. ഡിജിപി ഷെയ്ഖ് ദര്‍വേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിലെ ആര്‍ക്കും ഇതിന്റെ ചുമതല നല്‍കേണ്ടെന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ സര്‍വീസ് ചട്ടലംഘനമോ അധികാര ദുര്‍വിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂര്‍ത്തിയാക്കുക. ഇതിനു ശേഷമായിരിക്കും അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളിലെ അന്വേഷണം.
ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദര്‍ശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നോ എന്നൊക്കെയും അന്വേഷിക്കും.
ആര്‍എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആര്‍എസ്എസ്-എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടായിട്ടും സര്‍ക്കാര്‍ ഇത് അവഗണിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.
വിഷയത്തില്‍ ഇപ്പോള്‍ പാര്‍ട്ടി പോലും സര്‍ക്കാരിനെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം.ഇതോടെ സര്‍ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കടുത്ത പ്രതിരോധത്തിലായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. 2023 മെയ് രണ്ടിന് തൃശൂരിലാണ് കൂടിക്കാഴ്ച നടന്നത്. ആര്‍എസ്എസ് നേതാവ് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എം.ആര്‍ അജിത്കുമാര്‍ സ്വകാര്യ വാഹനത്തിലെത്തി. ആര്‍എസ്എസിന്റെ പോഷക സംഘടനയുടെ നേതാവിന്റെ കാറിലാണ് എത്തിയത്.
തൃശ്ശൂര്‍ പാറമേക്കാവ് വിദ്യാമന്ദിരത്തില്‍ നടന്ന ആര്‍എസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് കൈമാറിയിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. അജിത്കുമാറിനെ മാറ്റാന്‍ ഇടതുമുന്നണിക്കുള്ളില്‍ സമ്മര്‍ദമേറിയിട്ടുണ്ട്. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഗൂഡാലോചനകള്‍ പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.
അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകള്‍ ഒത്തുതീര്‍പ്പാക്കാനും തൃശൂരില്‍ ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കാനുമാണ് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച ആര്‍എസ്എസ്- സിപിഎം ഡീലിന്റെ ഭാ?ഗമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. അജിത് കുമാര്‍ മുഖ്യമന്ത്രിക്ക് ദൂതുമായി പോയതാണ് എന്നതില്‍ സംശയമില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.