തിരുവനന്തപുരം: സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ.. ഇന്നലെ ഉണ്ടായത് അപ്രതീക്ഷിത സംഭവങ്ങളാണ്. അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കും. സംസ്ഥാനത്തെവിടെയും, തീര്‍ഥാടനത്തിന് പോകുന്ന സ്ത്രീകളെ തടയുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നടപടിയുണ്ടാകുമെന്നും ഡി.ജി.പി വ്യക്തമാക്കി.
ഇന്നലെ നില്ക്കലില്‍ പൊലീസ് കുറവായിരുന്നു. കൂടുതല്‍ പൊലീസിനെ നിയോഗിക്കും. കേരളത്തിലെവിടെയും അയ്യപ്പ ഭക്തരായ സ്ത്രീകളെ തടയുന്നത് ചെറുക്കാന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സന്നിധാനത്ത് വനിതാ പൊലീസിനെ നിയോഗിക്കുന്നത് സാഹചര്യം പരിഗണിച്ച് തീരുമാനിക്കും.
അനിഷ്ട സംഭവങ്ങള്‍ 100% ശതമാനവും ഒഴിവാക്കാമെന്ന് ഉറപ്പ് പറയാനാകില്ല. ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാവാം. ഇന്നത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഐ.ജി മനോജ് എബ്രഹാം നേരിട്ട് നേതൃത്വം നല്‍കുമെന്നും ഡി.ജി.പി അറിയിച്ചു.