തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ ബാധിക്കാത്ത എല്ലാ കേസുകളെ കുറിച്ചുള്ള വിവരവും നല്‍കാമെന്നാണ് നിര്‍ദേശം. അതെസമയം, ഡി.ജി.പിയുടെ നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു.
പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ, സെന്‍കുമാര്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്‍ക്കാര്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതിനു പിന്നാലെ ഡി.ജി.പി ഇറക്കിയ ഉത്തരവാണ് പൊലീസ് ആസ്ഥാനത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
വിവരാവകാശ നിയമ പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് വിവരങ്ങള്‍ ടി സെക്ഷനും കൈമാറണം. ഇത് ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറേയും അറിയിക്കണം. ഇത്തരത്തില്‍ ആരെങ്കിലും വിവരം കൈമാറാന്‍ വിസമ്മതം പ്രകടിപ്പിച്ചാല്‍ ഡി.ജി.പിയെ ബന്ധപ്പെട്ട വിവരാവകാശ ഓഫീസര്‍ അറിയിക്കണം. പൊലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷനും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍പെടുമെന്നും ഉത്തരവ് വിശദീകരിക്കുന്നു. 2009ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിര്‍ദ്ദേശം.
നിലവില്‍ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കാറില്ല. എന്നാല്‍ 2009ല്‍ അന്നത്തെ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് പുറത്തിറക്കിയിരുന്ന ഉത്തരവ് വീണ്ടും ഓര്‍മ്മിപ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ്് സെന്‍കുമാറിന്റെ വിശദീകരണം. രഹസ്യവിഭാഗയ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്‍ നിന്നും സര്‍ക്കാര്‍ ഒഴിവാക്കിയതാണെന്നും ഡി.ജി.പിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നുമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. ഈ എതിര്‍പ്പ് പരാതിയായി സര്‍ക്കാറിന് മുന്നിലെത്താനാണ് സാധ്യത.
പുറ്റിങ്ങല്‍, ജിഷ വധക്കേസുകളിലെ വിവരങ്ങള്‍ നേരത്തെ സെന്‍കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ടി ബ്രാഞ്ചില്‍ നിന്നും നല്‍കാത്ത് വിവാദമായിരുന്നു. ഇതിന്റെ പേരിലായിരുന്നു ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ സ്ഥലം മാറ്റിയതും പിന്നീട് തിരുത്തിയതും.