കൊച്ചി: മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന് ഇടക്കാല ജാമ്യം. 30,000 രൂപയ്ക്കും രണ്ട് ആള്‍ ജാമ്യവും തുടങ്ങിയ ഉപാധികളോടെയാണ് മുന്‍ പൊലീസ് മേധാവിക്ക്് ഹൈക്കോടതി ഇടക്കാല ജമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താലുടന്‍ ജാമ്യം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അന്തിമ തീരുമാനമാകുന്നത് വരെയാണ് ഇടക്കാല ജാമ്യം. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈക്കോടതിയില്‍ സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. താന്‍ പറയാത്ത കാര്യങ്ങളാണ് മാഗസിന്‍ തന്റെ പേരില്‍ അച്ചടിച്ചതെന്നും ഇതില്‍ തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും സെന്‍കുമാര്‍ കോടതിയെ അറിയിച്ചു. മത വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്നതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അഭിമുഖം തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും വാരികക്കെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും അദ്ദേഹം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് കേസിന് കാരണമെന്ന് ജാമ്യാപേക്ഷയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന്, സര്‍ക്കാര്‍ നനിലപാടും ഹൈക്കോടതി തേടി. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
എന്നാല്‍ സെന്‍കുമാറിന്റെ അഭിമുഖത്തിന്റെ പൂര്‍ണരൂപമടങ്ങിയ ടേപ്പ് നേരത്തെ പൊലീസിന് കൈമാറിയിരുന്നു. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ എഡിറ്റര്‍ സജി ജയിംസ്, റിപ്പോര്‍ട്ടര്‍ റംഷാദ് എന്നിവരാണ് ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനാണ് കൈമാറിയത്. തുടര്‍ന്നു വിവാദ പരാമര്‍ശങ്ങള്‍ ടേപ്പിലുണ്ടെന്നു കണ്ടെത്തിയതോടെ നിയമോപദേശം തേടുകയായിരുന്നു. മത സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് സെന്‍കുമാര്‍ നടത്തിയതെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് നിയമോപദേശം നല്‍കിയത്.
തുടര്‍ന്ന് ഐ.പി.സി 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ക്രൈംബ്രാഞ്ചിനു കീഴിലുള്ള സൈബര്‍ പോലീസ് സെന്‍കുമാറിനെതിരെ കേസെടുത്തത്. വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെയും കേസെടുത്തിട്ടുണ്ട്.
വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാകുന്ന തരത്തില്‍ സെന്‍കുമാര്‍ പരാമര്‍ശം നടത്തിയെന്ന യൂത്ത് ലീഗ് ജന സെക്രട്ടറി പി.കെ ഫിറോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്്. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.