X

അക്രമം നേരിടുന്നതില്‍ വീഴ്ച്ച; പൊലീസിന് ഡി.ജി.പിയുടെ ശാസന

തിരുവനന്തപുരം: ശബരിമല യുവതീ പ്രവശനത്തിന് പിന്നാലെ ഉണ്ടായ ആക്രമണങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ശാസനം. മുന്‍കരുതല്‍ അറസ്റ്റ് നടത്തുന്നതില്‍ വീഴ്ച്ച വരുത്തിയതിനാണ് ഡിജിപി എസ്പിമാരെ രൂക്ഷമായി വിമര്‍ശിച്ചത്.

ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്ന് ഡിജിപി എസ്പിമാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലാണ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ശാസിച്ചത്. ആക്രമണ സാധ്യത മുന്നില്‍ കണ്ട് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കി.

ശബരിമലയില്‍ സ്ത്രീപ്രവേശിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും അക്രമം തുടരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡംഗം കെ ശശികുമാറിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്ര കല്ലോടുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞു. ഒന്ന് നിലത്ത് വീണ് പൊട്ടി. പേരാമ്പ്ര പൊലീസ് കേസെടുത്തു.

അടൂരില്‍ അമ്പതോളം വീടുകള്‍ക്ക് കല്ലേറുണ്ടായി. സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായിരിക്കുന്നത്. നേരത്തെ പത്തനംതിട്ടയിലാണ് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കല്ലേറില്‍ കൊല്ലപ്പെട്ടത്. അടൂര്‍, പന്തളം തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങളുടെ സ്വസ്ഥജീവിതത്തിന് കഴിയാത്ത രീതിയിലുള്ള അക്രമങ്ങളാണ് ഉണ്ടാവുന്നത്.

പത്തനംതിട്ട കൂടാതെ തിരുവനന്തപുരത്തും, പാലക്കാടും, നെടുമങ്ങാടും അക്രമസംഭവങ്ങള്‍ തുടരുകയാണ്.

chandrika: