X

കൂടത്തായി കേസ്; പൊലീസിന് വെല്ലുവിളിയെന്ന് ഡി.ജിപി; കേസന്വേഷണം തൃപ്തികരം

വടകര: കൂടത്തായി കൊലപാതകക്കേസ് തെളിയിക്കുന്നത് പൊലീസിന് വെല്ലുവിളിയെന്നും ഇതുവരെ കേസന്വേഷണം തൃപ്തികരമാണെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൂടത്തായിയിലെ പൊന്നാമറ്റം വീട് സന്ദര്‍ശിച്ചശേഷം വടകരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ.

കേരള പൊലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണ സംഘം വീണ്ടും വിപുലീകരിക്കും. വളരെ പ്രധാന കൊലപാതകമായതിനാലാണ് പൊന്നാമറ്റത്ത് എത്തിയത്. മൂന്ന് പേരും കൊല്ലപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആറ് കേസുകളാണ് ഇതുവരെ ഉള്ളത്. ഓരോ കേസുകളുമായി ബന്ധപ്പെട്ട വിശദമായ തെളിവുകള്‍ ശേഖരിച്ച് അന്വേഷണം നടത്തണം. ആദ്യ സംഭവം 17 വര്‍ഷങ്ങള്‍ക്കും അവസാന സംഭവം മൂന്ന് വര്‍ഷങ്ങള്‍ക്കും മൂമ്പാണ് നടന്നത്. ഇത് ഒരു വെല്ലുവിളി തന്നെയാണെന്നും അദ്ദേഹം പറയുന്നു.

കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസന്വേഷണം നടത്തണം. ഇതിനായി വലിയ ഒരു അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇനിയും വിദഗ്ധരായ ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

chandrika: