ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ നിലവാര സൂചികയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വാര്‍ത്തകളില്‍ നിറയുന്നത് ചില മോശം പ്രവണതകളുടെ പേരിലാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാറും പോര് കോഴികളെ പോലെ പരസ്പരം കൊത്തുകൂടുമ്പോള്‍ തകര്‍ന്നുപോകുന്നത് മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഈ വിഴുപ്പലക്കലില്‍ ഗവര്‍ണര്‍ക്ക് തന്റേതായ താല്‍പര്യമുണ്ടെന്ന് വ്യക്തമാണ്. ആരിഫ് മുഹമ്മദ് ഖാനെ ഇങ്ങോട്ടയച്ചവര്‍ക്കും രാഷ്ട്രീയ താല്‍പര്യമുണ്ടാകും. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുക എന്ന വലിയ അജണ്ടയാണതെന്ന് വ്യക്തമായ കാര്യമാണ്. സര്‍വകലാശാലകളുടെ സ്വഭാവത്തെ ഇല്ലാതാക്കി അവയെ നശിപ്പിക്കുക എന്നത് ഹിന്ദുത്വ അജണ്ടയുടെ ദീര്‍ഘകാല ലക്ഷ്യമാണ്. രാജ്യത്തെ പല സര്‍വകലാശാലകള്‍ക്കും ഇത് സംഭവിച്ചിട്ടുണ്ട്. എട്ട് ഐ.ഐ.ടികളിലെങ്കിലും നിലവില്‍ ഡയറക്ടര്‍മാരില്ല. പഴയ ഡയറക്ടര്‍മാരുടെ കാലാവധി തീര്‍ന്ന മുറക്ക് പുതിയ ആളെ കണ്ടെത്തുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റികള്‍ രൂപവത്കരിച്ചിരുന്നു. പക്ഷേ, അവര്‍ ശുപാര്‍ശ ചെയ്ത ഒരാളെപ്പോലും നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ ചെയ്ത എട്ടു പേരോടും വ്യക്തിപരവും ബൗദ്ധികവുമായുള്ള അഭിപ്രായവ്യത്യാസം കാരണം ആ പേരുകള്‍ തള്ളുകയായിരുന്നു. സംഘ്പരിവാറിനോടുള്ള ആശയപരമായ അടുപ്പം ഇത്തരം ഉന്നത പദവികളിലും ഇപ്പോള്‍ മാനദണ്ഡമായിരിക്കുന്നു എന്നു വ്യക്തം. കേന്ദ്ര സര്‍ക്കാറിന്റെ ഒളിയജണ്ട നടപ്പാക്കുകയാണ് ഗവര്‍ണറുടെ ദൗത്യം.
ഇനി മറുവശത്തേക്ക് നോക്കിയാലോ. സര്‍വകലാശാലകളെ രാഷ്ട്രീയവത്കരിച്ച് അക്കാദമിക് ഗുണനിലവാരത്തെ ഇല്ലായ്മ ചെയ്തതില്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് മുഖ്യ പങ്കുണ്ടെന്ന് കാണാനാവും. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് റാങ്ക് ലിസ്റ്റ് തന്നെ തലകീഴായി മാറ്റിമറിച്ചിട്ടുണ്ടെന്ന് വിഷയ വിദഗ്ധര്‍ തന്നെ ആരോപണം ഉന്നയിച്ചിട്ടുള്ളതാണ്. സര്‍വകലാശാലകളില്‍ പലതവണ സ്വജനപക്ഷപാതിത്വവും രാഷ്ട്രീയ നിയമനവും നടന്നതായും തെളിഞ്ഞിട്ടുണ്ട്. യോഗ്യതയുള്ളവരെ തഴഞ്ഞ് പാര്‍ട്ടി ബന്ധം നോക്കി മാത്രം നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇത്തരത്തില്‍ ഇടതുസര്‍ക്കാര്‍ നടത്തിയ ചട്ട വിരുദ്ധ നിയമനങ്ങള്‍ക്ക് ഗവര്‍ണറും കൂട്ടുനിന്നിരുന്നുവെന്നതാണ് രസകരം. ഫലത്തില്‍ രണ്ട് കൂട്ടരും ചെയ്യുന്നത് ഒരേ ജോലിയാണ്. മഹത്തായ പാരമ്പര്യമുള്ള, പേരും പ്രശസ്തിയുമുള്ള കേരളത്തിലെ സര്‍വകലാശാലകളെ സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി നശിപ്പിക്കുക എന്നതാണത്. ഇരു കൂട്ടരും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ഇരുവരും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തോറ്റുപോകുന്നത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്ന അനേക ലക്ഷം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ്.
ഉന്നത വിദ്യാഭ്യാസം നല്‍കി ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതായിരിക്കണം സര്‍വകലാശാലകളുടെ ലക്ഷ്യം. ശരാശരിക്കാരായ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന ദൗത്യമല്ല സര്‍വകലാശാലകളുടേത്. ഇത്തരത്തില്‍ പിന്‍വാതിലിലൂടെ നിയമനം നേടി സര്‍വകലാശാലകളില്‍ അധ്യാപനം നടത്തുന്നവര്‍ മികച്ച വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുമെന്ന് നമുക്ക് എങ്ങനെയാണ് പ്രതീക്ഷവെച്ച് പുലര്‍ത്താന്‍ സാധിക്കുക? അടുത്ത കാലത്തായി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഗുണനിലവാരത്തിലും ഗണ്യമായ ശോഷണം വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ആശയലോകത്തെ വികസിപ്പിക്കുന്നതില്‍ സര്‍വകലാശാലകള്‍ പരാജയപ്പെട്ടിരിക്കുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ പഠിച്ചാല്‍ ഇത് വ്യക്തമാകും.
കോഴ്‌സുകള്‍ നവീകരിക്കുന്നതിനും ഫാക്കല്‍റ്റി പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ പുരോഗതിയിലേക്ക് നയിക്കുന്നതിനും സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും കേരളത്തിന് നയങ്ങള്‍ ആവശ്യമാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ ലിബറല്‍ മൂല്യനിര്‍ണയവും പലപ്പോഴും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന് പുറത്തെ സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ തിരഞ്ഞെടുക്കുന്നതിന് ഒരു കാരണം അവിടെ നിന്ന് ലഭിക്കുന്ന മികച്ച സാധ്യതകള്‍ തന്നെയാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ മോശം നിലവാരം കൂടിയാണ് ഇത് വ്യക്തമാക്കുന്നത്. പുറത്ത്‌നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ നമുക്ക് സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഇവിടുത്തെ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികളും പുറത്ത് പോയി പഠിക്കാനാണ് ആഗ്രഹിക്കുന്നത്. മഹത്തായ പാരമ്പര്യമുള്ള നമ്മുടെ സര്‍വകലാശാലകളെ ഇങ്ങനെ കുരുതി കൊടുക്കരുതെന്നാണ് ഗവര്‍ണറെയും സര്‍ക്കാറിനെയും ഓര്‍മപ്പെടുത്താനുള്ളത്.