X

ആദായ നികുതിയും മുന്നാക്ക സംവരണവും-എഡിറ്റോറിയല്‍

മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചില്‍നിന്ന് കഴിഞ്ഞദിവസം ശ്രദ്ധേയമായ ഇടപെടല്‍ ഉണ്ടായിരിക്കുകയാണ്. എട്ട് ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള ആളുകളെ ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചിരിക്കുകയാണ്. മുന്നോക്ക സംവരണം സംബന്ധിച്ച ഭരണഘടനാഭേദഗതി സുപ്രീംകോടതി ശരിവെച്ച പശ്ചാത്തലത്തില്‍ മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ് ശ്രദ്ധേയമാണ്. മുന്നാക്ക സംവരണം അംഗീകരിച്ചുകൊണ്ടുള്ള സുപ്രീംകോടതിവിധി അടിസ്ഥാനമാക്കി ആദായ നികുതി പിരിക്കുന്നത് 2.5 ലക്ഷമാക്കി നിശ്ചയിച്ചതിനെ ചോദ്യംചെയ്തുകൊണ്ടാണ് ഹൈക്കോടതിയുടെ നോട്ടീസ്. ജസ്റ്റിസ് ആര്‍. മഹാദേവന്‍, ജസ്റ്റിസ് സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് തിങ്കളാഴ്ച കേന്ദ്ര നിയമനീതി മന്ത്രാലയം, പെന്‍ഷന്‍ മന്ത്രാലയം തുടങ്ങിയവക്ക് നോട്ടീസ് അയച്ചത്. നാലാഴ്ചക്കകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

103ാം ഭരണഘടനാഭേദഗതി അനുസരിച്ച് മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എട്ട് ലക്ഷം വരെ വരുമാന പരിധിയുള്ള ആളുകള്‍ക്കാണ് 10 ശതമാനം സംവരണം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ട് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് നോട്ടീസില്‍ പറയുന്നത്. ഡി.എം.കെ അസറ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ അംഗം കുന്നൂര്‍ ശ്രീനിവാസന്‍ നല്‍കിയ ഹരജിയിലാണ് കോടതി നടപടി. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴിലിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ 2019ലെ നിയമം സുപ്രീംകോടതി ഭരണഘടനാബെഞ്ച് ഭൂരിപക്ഷ വിധിയില്‍ നവംബര്‍ ഏഴിനാണ് ശരിവെച്ചത്. മുന്നാക്ക സംവരണത്തിന് സുപ്രീംകോടതി ശരിവെച്ച വ്യവസ്ഥകള്‍ അംഗീകരിക്കാനാകുന്നതല്ലെന്ന് വിവിധ സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. സാധാരണക്കാര്‍ക്ക് ഏറ്റവും കുറഞ്ഞ വേതനമായി പറയുന്നത് മൂന്നര ലക്ഷം രൂപയാണ്. മുന്നാക്ക സംവരണത്തിന്റെ പരിധി എട്ട് ലക്ഷം രൂപയായി സ്വീകരിച്ചാല്‍ അര്‍ഹതയില്ലാത്തവര്‍ക്കും സംവരണം ലഭിക്കും. ഭൂമിയുടെ കാര്യത്തിലും ഇത് ബാധകമാണ്.

മുന്നോക്ക സംവരണത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധനാഹര്‍ജി നല്‍കാന്‍ തീരുമാനിച്ച സംസ്ഥാനവും തമിഴ്‌നാടാണ്. സാമ്പത്തിക സംവരണത്തിന് നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അശാസ്ത്രീയമാണെന്നും എട്ട് ലക്ഷം വാര്‍ഷിക വരുമാനമുള്ളവര്‍ എങ്ങനെ പാവപ്പെട്ടവരാകുമെന്നുമായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചോദിച്ചത്. എന്നാല്‍ തൊട്ടയല്‍ സംസ്ഥാനമായ കേരളമാകട്ടെ ബി.ജെ.പി സര്‍ക്കാരിനേക്കാള്‍ മുമ്പേയാണ് മുന്നോക്ക സംവരണം നടപ്പാക്കിയത്. സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക സംവരണം എന്ന പേരുപറഞ്ഞ് മുന്നാക്ക ജാതിസംവരണം നേരത്തെതന്നെ നടപ്പാക്കിയിരുന്നു. ജാതിസംവരണം മോശമാണെന്നും സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും അതാണ് നീതിയെന്നും അതിലാണ് പുരോഗമനമുള്ളതെന്നുമാണ് എല്ലാകാലത്തും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. ജാതിസംവരണം വഴി ജാതീയത നിലനിര്‍ത്താനേ കഴിയൂ എന്നും ജാതിസംവരണം മെറിറ്റിനെ നശിപ്പിക്കുമെന്നും കമ്യൂണിസ്റ്റ് ആചാര്യന്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് വ്യക്തമാക്കിയിട്ടുണ്ട്.

തികച്ചും അശാസ്ത്രീയമാണ് മുന്നോക്ക സംവരണം. സംവരണമെന്ന ലക്ഷ്യത്തെതന്നെ അട്ടിമറിക്കുന്നതാണിത്. ജാതി സമ്പ്രദായത്തിനെ മുന്‍നിര്‍ത്തിയുള്ള സംവരണം മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ആസൂത്രിതമായി അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളിലെ ദരിദ്രര്‍ സാമ്പത്തിക സംവരണത്തില്‍നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. ഒരു വശത്ത് വരേണ്യ ജാതികളിലെ ദരിദ്രരാണ് യഥാര്‍ത്ഥ ദരിദ്രരെന്ന് ചിത്രീകരിക്കുകയും മറുവശത്ത് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ നിന്നുള്ള ദരിദ്രരെ അദൃശ്യവത്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്. ഇതിന്റെ ആകത്തുകയാണ് സമത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും പുതിയ മന്ത്രമായി സാമ്പത്തിക സംവരണം അവതരിപ്പിക്കപ്പെടുന്നത്. ബിസിനസ്, രാഷ്ട്രീയം, ഭൂമി, തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളിലുള്ള ഭൂരിഭാഗം വിഭവങ്ങളും വരേണ്യ വിഭാഗങ്ങളുടെ നിയന്ത്രണത്തിലാണെന്ന വസ്തുത മറന്നുപോകരുത്. സാമ്പത്തിക സംവരണം വരേണ്യ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സമ്പത്തും അധികാരവും നല്‍കും. കോടതി നോട്ടീസിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി പരിധി ഉയര്‍ത്തുകയോ മുന്നാക്ക സംവരണ പരിധി കുറയ്ക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. ദാരിദ്ര്യത്തിന്റെ പരിധിയും ആദായ നികുതി പരിധിയും തമ്മിലുള്ള അന്തരമാണ് കോടതി ചോദ്യംചെയ്തിരിക്കുന്നത്.

Test User: