ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടി(ഡി.എഫ്.ഐ)ന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ നിര്‍മിച്ച ആറു സിനിമകള്‍ 68-ാമത് ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15 മുതല്‍ 25 വരെയാണ് മേള നടക്കുന്നത്.
ഖത്തര്‍ പിന്തുണയോടെ നിര്‍മിച്ച ചിത്രങ്ങളുടെ വേള്‍ഡ്, യൂറോപ്യന്‍ പ്രീമിയറുകള്‍ ബെര്‍ലിന്‍ മേളയിലുണ്ടാകും. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ പ്രധാന വിഭാഗങ്ങലായ പനോരമ, ഫോറം ആന്റ് ജനറേഷന്‍ കെപ്ലസ്, 14 പ്ലസ് ഉള്‍പ്പടെയുള്ള വിഭാഗങ്ങളിലാണ് ഡിഎഫ്‌ഐ ധനസഹായത്തോടെ നിര്‍മിക്കപ്പെട്ട സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.
പനോരമ വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ഖുംറ വര്‍ക്ക് ഇന്‍ പ്രോഗസ്സ് പദ്ധതിയിലുള്‍പ്പെട്ട, റീം സാലേഹിന്റെ ലബനാന്‍ ഈജിപ്ത് ഗ്രീസ് സ്ലൊവേനിയ ഖത്തര്‍ സംയുക്ത സംരംഭമായ വാട്ട് കംസ് എറൗണ്ട്, ബബാക് ജലാലിയുടെ യുകെ ഇറ്റലി ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ് മെക്‌സിക്കോ ഖത്തര്‍ സംയുക്ത സംരംഭമായ ലാന്‍ഡ് എന്നിവയും ഫോറം വിഭാഗത്തിലെ വേള്‍ഡ് പ്രീമിയറില്‍ ജൊആവോ വിയാനയുടെ പോര്‍ച്ചുഗല്‍ മൊസാംബിക് ഗ്വിനിയ ബിസ്സോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ ഔവര്‍ മാഡ്‌നസ്സ്, നാര്‍ജിസ് നെജാറിന്റെ മൊറോക്കോ ഫ്രാന്‍സ് ഖത്തര്‍ സംരംഭമായ സ്റ്റേറ്റ്‌ലെസ്സ് എന്നിവ പ്രദര്‍ശിപ്പിക്കും. ജെനറേഷന്‍ കെപ്ലസ് വിഭാഗത്തില്‍ കാമില അന്‍ദിനിയുടെ ഇന്തോനേഷ്യ നെതര്‍ലന്‍ഡ് ഓസ്‌ട്രേലിയ, ഖത്തര്‍ സംയുക്ത സംരംഭമായ ദി സീന്‍ ആന്റ് അണ്‍സീനിന്റെ യൂറോപ്യന്‍ പ്രീമിയര്‍ നടക്കും.
ജനറേഷന്‍ 14 പ്ലസില്‍ ക്രിസ്റ്റി ഗാര്‍ലാന്‍ഡിന്റെ കാനഡ ഡെന്‍മാര്‍ക്ക് ഖത്തര്‍ സംരംഭമായ വാട്ട് വാല വാണ്ട്‌സിന്റെ ആദ്യ പ്രദര്‍ശനവും നടക്കും.
മികച്ച നിലവാരമുള്ള സിനിമകള്‍ക്ക് പിന്തുണ നല്‍കുന്ന ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മറ്റൊരു നേട്ടമാണ് ഇത്രയും ചിത്രങ്ങള്‍ ബെര്‍ലിന്‍ ചലചിത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.
സ്വതന്ത്ര സിനിമകളെയും ആര്‍ട്ട്ഹൗസ് പ്രൊഡക്ഷനുകളെയും ആഘോഷിക്കുന്ന ബെര്‍ലിന്‍ രാജ്യാന്തര ഫെസ്റ്റിവല്‍ ഏറ്റവും ശക്തമായ സിനിമകളുടെ ബാരോമീറ്ററാണെന്ന് ഡിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഫാത്തിമ അല്‍ റുമൈഹി ചൂണ്ടിക്കാട്ടി.
ബെര്‍ലിനിലെ ചിത്രങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും സമകാല സിനിമകളെ പുനര്‍നിര്‍വചിക്കുന്ന വിധത്തില്‍ അടയാളപ്പെടുത്തലുകള്‍ നടത്തുന്നതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.