അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് പുണ്യഭൂമിയിലെത്തിയ ദശ ലക്ഷം ഹാജിമാര്‍ ജീവിത വിശുദ്ധി തേടി ഇന്ന് ഹജ്ജിന്റെ മുഖ്യ കര്‍മ്മമായ അറഫയില്‍ സംഗമിക്കും. തല്‍ബിയത്തിന്റെ മന്ത്രങ്ങളും സ്രഷ്ടാവിനോടുള്ള ഭയഭക്തിയും പാപമോചനത്തിനുള്ള യാചനയും ഹൃദയാന്തരങ്ങളില്‍ നിന്നുള്ള തേട്ടങ്ങളായി മിനായുടെ താഴ്‌വരയില്‍ ഒഴുക്കിയാണ് ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങുന്നത്. ഇന്നലെ ഒരു പകലും രാവും തമ്പുകളുടെ നഗരിയില്‍ ചിലവഴിച്ച ഹാജിമാര്‍ ഇന്ന് രാവിലെ മുതല്‍ അറഫാ മൈതാനിയിലേക്ക് നീങ്ങും. മിനയിലേക്കുള്ള എല്ലാ പാതകളും തൂവെള്ള വസ്ത്രധാരികളായ ഹാജിമാരുടെ യാത്രക്ക് സാക്ഷ്യം വഹിക്കും. പതിനാല് കിലോമീറ്ററോളം മഷാഇര്‍ ട്രെയിനിലും പ്രത്യേക ബസ്സുകളിലും വാഹനങ്ങളിലുമായി സഞ്ചരിച്ചാണ് ഭൂരിഭാഗം ഹാജിമാര്‍ സുബ്ഹി മുതല്‍ അറഫയിലേക്ക് നീങ്ങുക. ഹാജിമാരുടെ അറഫാ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലോക മുസ്‌ലിം സമൂഹം അറഫ ദിനത്തിലെ സുന്നത്ത് നോമ്പെടുക്കും.
ഇന്ന് ളുഹറിന് മുമ്പായി മുഴുവന്‍ ഹാജിമാരും അറഫ മൈതാനിയിലെത്തിച്ചേരും. ഇവിടെ മസ്ജിദുന്നമിറയില്‍ ളുഹര്‍ നമസ്‌കാരത്തിന് മുമ്പായി അറഫ ഖുതുബ സഊദി ഉന്നത പണ്ഡിത സഭ അംഗവും റാബിത്വ സെക്രട്ടറി ജനറലുമായ ശൈഖ് ഡോ. മുഹമ്മദ് അല്‍ ഈസ നിര്‍വഹിക്കും. തുടര്‍ന്ന് ളുഹര്‍, അസര്‍ നിസ്‌കാരങ്ങള്‍ രണ്ട് റകഅത്ത് വീതമാക്കി ഇമാമിനൊപ്പം ചുരുക്കി നിസ്‌കരിക്കും. പിന്നീട് മുസ്ദലിഫയിലെത്തി രാപാര്‍ക്കും.