X

ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞസംഭവം; റവന്യു മന്ത്രി വിശദീകരണം തേടി.

ദേവികുളം: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കയ്യേറി കെട്ടിയുണ്ടാക്കിയ ഷെഡ് പൊളിച്ചുനീക്കുകയായിരുന്ന ഭൂസംരക്ഷണ സേനക്കാരെ പ്രാദേശിക നേതാക്കളുള്‍പ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചു. പ്രശ്‌നം ഗുരുതരമെന്ന് കണ്ട് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സംഭവസ്ഥലത്ത് നേരിട്ടെത്തി. സ്ഥലത്തെത്തിയ സബ്കളക്ടറെ അസഭ്യവര്‍ഷത്തോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ എതിരേറ്റത്.

സംഭവം വിവാദമായതോടെ റവന്യു മന്ത്രി പൊലീസിനോട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനും സബ്കളക്ടറെ തടഞ്ഞ സംഭവത്തില്‍ വിശദീകരണം നല്‍കാനും ഉത്തരവിട്ടു.

സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റത്തിലേര്‍പ്പെടേണ്ടി വന്ന സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കയ്യേറ്റം ഒഴിപ്പിച്ചേ തിരിച്ചു പോകാവൂ എന്ന് ഭൂസംരക്ഷണ സേനയോട് കര്‍ശന നിര്‍ദേശം നല്‍കി. അതോടെ പ്രവര്‍ത്തകരും എതിര്‍ത്ത് നിന്നു. വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ട് മതി ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കലെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.

ഒഴിപ്പിക്കലിനെതിരെ നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ സബ്കളക്ടര്‍ ആവശ്യപ്പെട്ടു. ആദ്യം മടിച്ചുനിന്ന പൊലീസ് പിന്നീട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ശേഷം ഇവരെ വിട്ടയച്ചു.

chandrika: