X

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

CPIM FLAG

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

webdesk11: